കണ്ണൂർ: റോഡപകടങ്ങളിലടക്കം ഗുരുതരമായി പരിക്കേറ്റവരെ അപകട സ്ഥലങ്ങളിൽനിന്ന് ആംബുലൻസ്സിലേക്കും തുടർന്ന് ആശുപത്രിയിലേക്കും മാറ്റുമ്പോൾ, നട്ടെല്ലിന് ക്ഷതം ഏൽക്കാതെ ശാസ്ത്രീയമായി മാത്രമേ ഷിഫ്റ്റ് ചെയ്യാൻ പാടുള്ളൂ എന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) എമർജൻസി ലൈഫ് സപ്പോർട്ട് കോർഡിനേറ്ററും ട്രോമാകെയർ വിദഗ്ധനുമായ ഡോ സുൽഫിക്കർ അലി അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രിസൺസ് വകുപ്പിൻറെ കീഴിൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണൽ അഡ്മിനിസ്ട്രേഷൻ സെൻററിൽ ജയിൽ ഉദ്യോഗസ്ഥർക്ക് വേണ്ടി സംഘടിപ്പിച്ച എമർജൻസി ആൻഡ് ട്രോമാകെയർ ശിൽപ്പശാലക്ക് നേതൃത്വം നൽകുകയായിരുന്നു അദ്ദേഹം.
അപകടത്തിൽ പരിക്കേറ്റവരെ ചുരുട്ടിക്കൂട്ടി വാഹനത്തിലേക്ക് തള്ളി കയറുന്നത് നട്ടെല്ലിന് ക്ഷതവും കഴുത്ത് എല്ലിന് ആഘാതവും വർദ്ധിപ്പിക്കുകയും ശരീരഭാഗങ്ങൾ കുഴഞ്ഞു പോകുന്നതിനും ജീവിതകാലം മുഴുവൻ കിടപ്പിൽ ആകാനും കാരണമാകാറുണ്ട്.
ശാസ്ത്രീയമായ പരിശീലനം ലഭിച്ച ട്രോമാകെയർ വളണ്ടിയർമാർ ഇത്തരം സാഹചര്യത്തിൽ ഉണർന്ന് പ്രവർത്തിക്കാനും ശ്രദ്ധയോടെ കഴുത്തിനും നട്ടെല്ലിനും സംരക്ഷണം നൽകിക്കൊണ്ട് പരിക്കേറ്റയാളെ ആംബുലൻസിലേക്ക് മാറ്റണം. ആശുപത്രിയിൽവെച്ച് സ്കാനിങ് അടക്കമുള്ള വിവിധ ടെസ്റ്റുകൾക്ക് വിധേയമാകുംപോഴും കഴുത്തിലും നട്ടെല്ലിനും ഇളക്കം തട്ടുന്ന ഇല്ല എന്ന് ഉറപ്പു വരുത്തണം.
ഇതിനായി സമൂഹത്തിലെ വിവിധ തുറകളിലുള്ള ആളുകൾക്ക് പ്രത്യേകമായ ട്രോമാകെയർ പരിശീലനം നൽകാൻ സർക്കാറും സന്നദ്ധ സംഘടനകളും രംഗത്തു വരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
കണ്ണൂർ സെൻട്രൽ ജയിൽ മെഡിക്കൽ ഓഫീസർ ഡോ ആഷിക് ചന്ദ്ര അധ്യക്ഷനായിരുന്നു. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം പ്രിസൺ ഓഫീസർ ട്രെയിനികൾ ശിൽപ്പശാലയിൽ പങ്കെടുത്തു.