സി.പി.എം നേതാക്കൾ ജയിൽ മോചിതരായതോടെ പാർട്ടിയെ പെരിയ കേസുമായി ബന്ധപ്പെടുത്താനുള്ള സി.ബി.ഐ ശ്രമം പൊളിഞ്ഞു ; പി. ജയരാജൻ

11:45 AM Jan 09, 2025 | Neha Nair

കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐക്ക് വിട്ടതിനെതിരെ സംസ്ഥാന സർക്കാർ ഹൈകോടതിയിലും സുപ്രീം കോടതിയിലും നടത്തിയ നിയമപോരാട്ടം ശരിയാണെന്ന് തെളിഞ്ഞതായി സി.പി.എം നേതാവ് പി. ജയരാജൻ. സി.​ബി.ഐ പ്രതിചേർത്ത 4 നാല് സി.പി.എം നേതാക്കൾ ജയിൽ മോചിതരായതോടെ പാർട്ടിയെ ഈ കേസുമായി ബന്ധപ്പെടുത്താനുള്ള സി.ബി.ഐ ശ്രമം പൊളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ സി.പി.എം വിരുദ്ധ ജ്വരം വെളിവായതായും ഫേസ്ബുക് കുറിപ്പിൽ ജയരാജൻ ചൂണ്ടിക്കാട്ടി.

പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സി.പി.എമ്മുകാർ കൊലപ്പെടുത്തിയ കേസിൽ സി.ബി.ഐ കോടതി ശിക്ഷിച്ച മുൻ എം.എൽ.എ അടക്കം നാലുപേരുടെ ശിക്ഷ ഹൈകോടതി ഇന്നലെ മരവിപ്പിച്ചിരുന്നു. അഞ്ചുവർഷത്തെ തടവുശിക്ഷക്ക് വിധിക്കപ്പെട്ട സി.പി.എം നേതാവും ഉദുമ മുൻ എം.എൽ.എയുമായ 20ാം പ്രതി കെ.വി. കുഞ്ഞിരാമൻ, 14ാം പ്രതി കെ. മണികണ്ഠൻ, 21ാം പ്രതി രാഘവൻ വെളുത്തോളി, 22ാം പ്രതി കെ.വി. ഭാസ്കരൻ എന്നിവരുടെ ശിക്ഷയാണ് ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് മരവിപ്പിച്ചത്.

കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞ നാലുപേരും അൽപസമയം മുമ്പാണ് മോചിതരായത്. കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രമുഖ സി.പി.എം നേതാക്കളായ എം.വി. ജയരാജരൻ, പി. ജയരാജൻ, സതീഷ് ചന്ദ്രൻ, എം.വി. ബാലകൃഷ്ണൻ ഉൾപ്പടെയുള്ളവർ എത്തി രക്തഹാരം അണിയിച്ച് നാലുപേരെയും സ്വീകരിച്ചു.