കണ്ണൂർ : തൊഴിലാളികളുടെ വിവിധങ്ങളായ ആവശ്യങ്ങൾക്ക് സംസ്ഥാന സർക്കാർ മുൻഗണന നൽകണമെന്നാവശ്യപ്പെട്ടും കേന്ദ്രസർക്കാർ സംസ്ഥാനത്തോട് കാണിക്കുന്ന വിവേചനത്തിനെതിരെയും ജനുവരി 17ന് തൊഴിലാളികൾ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ്ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഈ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്യത്തിൽ ഡിസംബർ 10 മുതൽ 17 വരെ സംസ്ഥാന പ്രസിഡന്റ്റ് ടി. ജെ. ആഞ്ചലോസിന്റേയും, ജനറൽ സെക്രട്ടറി സ കെ. പി. രാജേന്ദ്രൻ്റേയും നേതൃത്വത്തിൽ പ്രക്ഷോഭ ജാഥകൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ജനുവരി 17ന് സെക്രട്ടറിയറ്റിലേക്ക് തൊഴിലാളികളുടെ മാർച്ച് നടത്തുന്നത്.
സാമൂഹ്യസുരക്ഷാ ആനുകുല്യങ്ങൾ സംരക്ഷിയ്ക്കുന്നതിന് സംസ്ഥാന സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം. തൊഴിലാളികളുടെ മിനിമം വേതനനിയമം ഉൾപ്പടെ തൊഴിൽ നിയമങ്ങൾ റദ്ദാക്കി കേന്ദ്രസർക്കാർ കൊണ്ടുവന്ന തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ കേന്ദ്രസർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന സന്ദർഭത്തിൽ തൊഴിലാളികളുടെ തൊഴിൽ, ഗ്രാറ്റുവിറ്റി, ബോണസ്സ്, പ്രസവകാല അവധി ആനുകൂല്യങ്ങൾ, പെൻഷൻ തുടങ്ങിയ നിയമപരമായി അവകാശങ്ങൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിന് പ്രതിബദ്ധതയുണ്ട്.
തൊഴിലാളികളുടെ മിനിമം വേതനം 26000 രൂപയായി ഉയർത്തുക, താൽക്കാലിക, ദിവസവേതന കരാർ തൊഴിലളികളെ നിയമപരമായി സ്ഥിരപ്പെടുത്തുക, പ്രൊവിഡൻ്റ് ഫണ്ട്, ഇ.എസ്.ഐ, ഗ്രാറ്റുവിറ്റി തുടങ്ങി സാറ്റ്യൂട്ടറി ആനുകൂല്യങ്ങൾ നൽകാതിരിക്കുന്ന മാനേജ്മെൻ്റുകൾക്കും ഉടമകൾക്കും എതിരായി പ്രോസിക്യുഷൻ നടപടികൾ സ്വീകരിക്കുക, വിവിധ പെൻഷൻ പദ്ധതികളിലൂടെ തൊഴിലാളികൾക്ക് നൽകുന്ന പെൻഷൻ തുക വർദ്ധിപ്പിക്കുക, പെൻഷൻ കുടിശ്ശിക തുക 2024 മാർച്ച് 31ന് മുൻപായി കൊടുത്തു തീർക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി സി.പി മുരളി, വൈസ് പ്രസിഡൻ്റ് താവം ബാലകൃഷ്ണൻ, ജില്ലാ പ്രസിഡൻ്റ് എം ഗംഗാധരൻ, ജനറൽ സെക്രട്ടറി കെ ടി ജോസ് പങ്കെടുത്തു.