+

അൻവറിനെ യുഡിഎഫിലെടുക്കുന്നത് ആവശ്യപ്പെട്ടാൽ ചർച്ച ചെയ്യുമെന്ന് എം.എം ഹസൻ

കണ്ണൂർ ഡി.സി.സിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂർ : പി.വി അൻവറിനെ യു.ഡി.എഫിലെടുക്കാൻ രേഖാമൂലം ആവശ്യപ്പെട്ടാൽ വിഷയം ചർച്ച ചെയ്യുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു. കണ്ണൂർ ഡി.സി.സിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി എഫിൽ കോൺഗ്രസ് മാത്രമല്ല മറ്റു പാർട്ടികളുമുണ്ട്. 

ഈ കാര്യത്തിൽ അവരോട് അഭിപ്രായം ചോദിക്കാതെ തീരുമാനമെടുക്കാൻ കഴിയില്ല അൻവർ നിലമ്പൂർ തെരഞ്ഞെടുപ്പിൽ യു.ഡി എഫിന് പിൻതുണ പ്രഖ്യാപിച്ചിട്ടുണ്ട്. അൻവർ മാത്രമല്ല ആരു പിൻതുണച്ചാലും സ്വീകരിക്കുമെന്ന് ഹസൻ പറഞ്ഞു. അൻവർ എം.എൽ.എ സ്ഥാനം രാജിവെച്ചതു കൊണ്ടാണ് സർക്കാർ വനം ഭേദഗതി നിയമം പിൻവലിച്ചതെന്ന് അൻവറിൻ്റെ മാത്രം അഭിപ്രായമാണ്. 

വനംഭേദഗതി നിയമത്തിൽ നിന്നും സർക്കാർ പിൻമാറിയത് യു.ഡി.എഫ് പ്രക്ഷോഭം ഭയന്നാണെന്ന് ഹസൻ പറഞ്ഞു. യു.ഡി.എഫ് ഭരണകാലത്ത് വനംഭേദഗതി നിയമം നടപ്പിലാക്കാൻ തീരുമാനിച്ചിട്ടില്ല. വകുപ്പ് തലങ്ങളിൽ അങ്ങനെയൊരു ചർച്ച നടന്നിട്ടുണ്ടെങ്കിലും അങ്ങനെയൊരു തീരുമാനം സർക്കാരിൻ്റെ മുൻപിലെത്തിയിട്ടില്ല മന്ത്രിസഭയുടെ പരിഗണനയിൽ വന്നാലെ ഈ കാര്യത്തെ കുറിച്ച് രാഷ്ട്രീയ നേതൃത്വം അറിയുകയുള്ളു. 

എന്നാൽ ഇവിടെ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പൊലിസിൻ്റെ അധികാരം നൽകുന്നതിനെ കുറിച്ച് ലോഡിപ്പാർട്ട്മെൻ്റടക്കം തീരുമാനിച്ചതിന് ശേഷമാണ് വാർത്ത പുറത്തുവന്നത്. വനംഭേദഗതി നിയമം പാസാക്കാൻ പിണറായി സർക്കാരെടുത്ത തീരുമാനമാണ് പിൻവലിച്ചതെന്നും ഹസൻ പറഞ്ഞു. വനംഭേദഗതി നിയമത്തിൽ മലയോര പ്രചാരണ യാത്രയുമായി യു.ഡി.എഫ് മുൻപോട്ടു പോകുമെന്നും ഹസൻ പറഞ്ഞു.

facebook twitter