ഫണ്ട് തർക്കം: പയ്യന്നൂര്‍ നെസ്റ്റ് കോളേജിലെ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയെ ഏരിയാ നേതാക്കൾ മർദ്ദിച്ചതായി പരാതി

12:16 PM Jan 21, 2025 | AVANI MV

പയ്യന്നൂർ:യൂണിറ്റ് സെക്രട്ടറിയെ എസ്എഫ്‌ഐ ഏരിയാ നേതാക്കൾ മർദ്ദിച്ചതായി പരാതി. കഴിഞ്ഞ ദിവസം പയ്യന്നൂര്‍ നെസ്റ്റ് കോളേജിലാണ് സംഭവം നടന്നത്. യൂണിറ്റ് സെക്രട്ടറി അക്ഷയ് മോഹനാണ് മര്‍ദ്ദനമേറ്റത്. കോളേജ് യൂണിയന്‍ ഫണ്ടില്‍ നിന്നും ഒരു ഭാഗം ഏരിയാ കമ്മിറ്റിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ തയ്യാറാകാത്തതാണ് മര്‍ദ്ദനത്തിന് കാരണമെന്ന് പറയുന്നു. യൂണിറ്റ് കമ്മിറ്റി യോഗത്തില്‍ നിന്നും പുറത്തിറക്കിയാണ് യൂണിറ്റ് സെക്രട്ടറിയെ വരാന്തയിലിട്ട് മര്‍ദ്ദിച്ചത്.


ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് പുറത്തെത്തിയപ്പോഴും ഏരിയാ നേതാക്കള്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചതായാണ്ആരോപണം. മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കോളേജ് മാനേജ്‌മെന്റ് ചെയര്‍മാന് നേരെയും എസ്എഫ്‌ഐ നേതാക്കളുടെ കയ്യേറ്റമുണ്ടായെന്ന് പരാതിയുണ്ട്ചെയര്‍മാനെ അസഭ്യം പറയുകയും ചെയ്തുവെന്ന് പറയുന്നു. അതേസമയം മര്‍ദ്ദന വിവരങ്ങള്‍ പുറത്തുവന്നതോടെ വിഷയം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണ് സിപിഎം നേതൃത്വം.സിപിഎം ഏരിയാ നേതാക്കള്‍ ഇടപെട്ട് മധ്യസ്ഥത്തിന് ശ്രമം നടത്തിവരികയാണ്. ഇതിൻ്റെ ഭാഗമായിഇന്ന് പെരളം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ മധ്യസ്ഥ ചര്‍ച്ച നടക്കും.