കുറച്ച് വർഷങ്ങൾക്ക് മുൻപ് പെൺകുട്ടികളുടെ ഇടയിൽ ട്രെൻഡ് ആയിരുന്ന ഒരു ഐറ്റം ആയിരുന്നു പേപ്പർ കമ്മൽ. ഒരുതവണയെങ്കിലും അത് വാങ്ങി ഉപയോഗിക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ അതെ പേപ്പറുകൾ കൊണ്ട് പൂക്കളുടെയും ശലഭങ്ങളുടെയുമുൾപ്പെടെ ചിത്രങ്ങൾ തീർത്ത് വിസ്മയിപ്പിക്കുകയാണ് കണ്ണൂർ പെരുമാച്ചേരിയിലെ തസ്നീം. അധികമാർക്കും അത്ര പരിചിതമല്ലാത്ത പേപ്പർ ക്വില്ലിംഗ് ആര്ട്ട് ചെയ്ത് വരുമാനം കണ്ടെത്തുകയാണ് ഈ പെൺകുട്ടി..
ചെറുപ്പകാലം മുതൽ തന്നെ ചിത്രം വരയോടും ക്രാഫ്റ്റ് വർക്കുകളോടും ഒരു പ്രത്യേക ഇഷ്ട്ടമുണ്ടായിരുന്നു. ചെറുപ്രായത്തിൽ കുറച്ചു നാളുകൾ ചിത്രം വര അഭ്യസിക്കാൻ പോയതല്ലാതെ ശാസ്ത്രീയമായ മറ്റു അറിവുകളൊന്നും തസ്നിയ്ക്കില്ല. വിവാഹ ശേഷം ഭർത്താവിന്റെ സഹോദരി ചെയ്യുന്നതു കണ്ടാണ് ക്വില്ലിംഗ് വർക്കിനെക്കുറിച്ചറിഞ്ഞത്. പിന്നീടുള്ള ചിന്ത ഇതെങ്ങനെ ഒരു വരുമാന മാർഗമാക്കിമാറ്റാം എന്നായിരുന്നു.ഭർത്താവ് ഷംഷാദിന്റെ പൂർണപിന്തുണ കൂടി ലഭിച്ചതോടെ ക്വില്ലിംഗ് ആര്ട്ട് രംഗത്തേക്ക് പതിയെ ചുവടുവയ്ക്കുകയായിരുന്നു.
പേപ്പറിൽ പെയിന്റിംഗ് ചെയ്തശേഷം നീളൻ സ്ട്രിപ്പുകൾ കഷ്ണങ്ങളാക്കി ചിത്രങ്ങൾക്കുമേൽ അടുക്കി വച്ചാണ് മനോഹരമായ 3dചിത്രങ്ങൾ നിർമ്മിച്ചെടുക്കുന്നത്. പേപ്പർ സ്ട്രിപ്പുകൾ ഉപയോഗിച്ച് കാലിഗ്രഫിയും ചെയ്യുന്നുണ്ട്..വർണാഭമായ ജീവൻ തുടിക്കുന്ന തസ്നീമിന്റെ ചിത്രങ്ങൾ ഫ്രെയിം ചെയ്യുന്നത് ഭർത്താവ് ഷംഷാദാണ്.
ഓൺലൈൻ വഴിയാണ് ക്വില്ലിംഗ് ആർട്ടിനാവശ്യമായ പേപ്പർ സ്ട്രിപ്പുകൾ വാങ്ങുന്നത്. മറ്റു ആവശ്യവസ്തുക്കളെല്ലാം നാട്ടിലെ കടകളിൽ നിന്ന് തന്നെ വാങ്ങുകയാണ് പതിവ്. ഫ്രയിമുകൾക്ക് പുറമെ പേപ്പർ കമ്മലുകളും തസ്നീം നിർമ്മിക്കുന്നുണ്ട്. കമ്മലുകൾക്ക് 70 രൂപമുതലാണ് വില.. ഫ്രയിമുകൾ 200 രൂപ മുതൽ 2000 രൂപ വിലവരുന്നവയാണ്. ചില ചിത്രങ്ങൾ നിർമ്മിക്കാൻ മണിക്കൂറുകൾ മതിയാകും എന്നാൽ മറ്റുചിലത് പൂർത്തിയാക്കാൻ 2 ദിവസം വരെ സമയമെടുക്കും.
എക്സിബിഷനുകളിലൂടെയും പ്ലൂമ എൻ റ്റിന്റ എന്ന ഇൻസ്റ്റാഗ്രാം പേജുവഴിയുമാണ് കൂടുതലും വിൽപ്പന. കൊച്ചി ഒബ്ര മാളിൽ നടക്കുന്ന എക്സിബിഷനിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ. ആവശ്യക്കാരുടെ ഇഷ്ട്ടാനുസരണം ചിത്രങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യുന്നുണ്ട്.
ഫാഷൻ ഡിസൈനിങ് കഴിഞ്ഞ തസ്നീം ഇഗ്നോ യൂണിവേഴ്സിറ്റിയിൽ ഡിസ്റ്റൻസ് ആയി ഡിഗ്രി ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് ഒരു വരുമാനമെന്നോണം ക്വില്ലിംഗ് വർക്കും ചെയ്യുന്നത്. ടി സി ഫിയാസ് - സഭാ ദമ്പതികളുടെ മകളാണ് തസ്നീം. കുടുംബവും പൂർണപിന്തുണയുമായി തസ്നീമിനൊപ്പമുണ്ട്.