കണ്ണൂർ : പി പി ദിവ്യയുടെ പ്രസംഗത്തിലെ അവസാന പരാമര്‍ശമാണ് എ ഡി എം നവീൻ ബാബുവിന്റെ മരണത്തിന് കാരണമെന്ന എം.വി. ജയരാജന്റെ പ്രസ്താവന അന്വേഷണ വിഭാഗം മുഖ വിലക്കെടുക്കണമെന്നും അന്വേഷണത്തിന്റെ ഭാഗമായി ജയരാജന്റെ മൊഴിയെടുക്കണമെന്നും ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ കെ വിനോദ് കുമാർ ആവശ്യപ്പെട്ടു.
അഴിമതിക്കെതിരായ സദുദ്ദേശ പരാമർശമെന്ന് വിലയിരുത്തി പി പി ദിവ്യയെ ന്യായീകരിക്കുകയായിരുന്നു സി പിഎം ഇതുവരെ. അന്വേഷണ വിഭാഗങ്ങൾക്ക് കൂച്ചുവിലങ്ങിട്ടു. കൈക്കൂലി കൊടുത്തെന്ന് ആരോപണമുന്നയിച്ച പ്രശാന്തനെ സംരക്ഷിച്ചു. ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ നേതൃത്വത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയിരിക്കുന്നു.
യാത്രയയപ്പ് യോഗത്തിൽ പ്രശാന്തനു വേണ്ടി സംസാരിക്കാൻ ദിവ്യക്ക് പ്രശാന്ത് മായി എന്തു ബന്ധമാണുള്ളത്. ദിവ്യയെ ഇതുവരെ ന്യായീകരിച്ച സിപിഎം പെട്രോൾ പമ്പിന്റെ യഥാർത്ഥ ഉടമ ആരെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി ആരാണ് തയ്യാറാക്കിയത്. പ്രശാന്തന്റെ പേരിലും ഒപ്പിലും എങ്ങനെ വ്യത്യാസമുണ്ടായി.
പമ്പിന് കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമകളുമായി സംസാരിച്ച സിപിഎം നേതാക്കൾ ആരൊക്കെ. പി പി ദിവ്യക്ക് ബിനാമി സ്വത്തുക്കൾ ഉണ്ടോ. ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ സിപിഎം നേതൃത്വം തയ്യാറാകണം. എം വി ജയരാജൻ ഇന്ന് ഇറക്കിയ പ്രസ്താവന ആത്മാർത്ഥമാണെങ്കിൽ ദിവ്യയോട് ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവെക്കാൻ ആവശ്യപ്പെടണം - കെ കെ വിനോദ് കുമാർ പറഞ്ഞു.