ചിറക്കൽ : വിഷ്ണുമൂർത്തിയുടെ അഗ്നിക്കോലവും പുലിചാമുണ്ഡിയും കോലത്തിരിയുടെ കുലപരദേവതയായ തിരുവർകാട്ട് ഭഗവതിയും ഉൾപ്പെടെ 33 തെയ്യങ്ങൾ കെട്ടിയാടുന്ന മഹാ കളിയാട്ടത്തിന് ചിറക്കൽ കോവിലകം പുരുരുട്ടാതി തിരുന്നാൾ സി.കെ. രാമവർമ്മ വലിയ രാജ അടയാളം കൊടുത്തു.
തെയ്യങ്ങൾ കൊട്ടിയാടുന്ന ജന്മാരിയായ കോലധാരികൾക്കും അനുഷ്ഠാന നിർവഹകർക്കും ആചാരാപ്രകാരം ദേവതയെ പകർന്നാടാനുള്ള അധികാരം നല്കുന്ന ചടങ്ങാണ് അടയാളം കൊടുക്കൽ.
കോലത്തിരി കോവിലകത്ത് രാജകീയ പീoവഴക്കം നടത്തി മുപ്പത്തൈയ് വർ തെയ്യ സംഘത്തെ വരവിളിച്ച് ആവാഹിച്ച് ആരാധിക്കാൻ വ്യവസ്ഥയുണ്ടാക്കിയ തെയ്യാചാര്യനായ മണക്കാടൻ ഗുരുക്കളെ നിറവിളക്ക് തെളിച്ച് വെറ്റിലയും അടയ്ക്കയും ദക്ഷിണയും വച്ച് പ്രാർത്ഥന നടത്തിയ ശേഷമാണ് അടയാളം കൊടുക്കൽ ചടങ്ങ് ആരംഭിച്ചത്.
പുഴാതി എ.വി. കുഞ്ഞിരാമപ്പെരുമലയൻ, അഴീക്കോട് ദിനേശൻ പെരുവണ്ണാൻ, ചിറക്കൽ ജന്മാധികാരികളായ ബാലൻപെരുവണ്ണാൻ,
മുരളിപണിക്കർ, കലശക്കാരൻ അനീഷ് , കർമ്മി ശ്രീജേഷ് എമ്പ്രോൻ എന്നിവരാണ് 33 ഓളം കോലധാരികൾക്കും ആചാരാനുഷ്ഠാന നിർവഹകർക്കും വേണ്ടി അടയാളം വാങ്ങിയത്.
ചിറക്കൽ കോവിലകം ചാമുണ്ഡി കോട്ടം സംരക്ഷണ സമിതി സെക്രട്ടറി സി.കെ. സുരേഷ് വർമ്മയും സി.കെ. അശോക വർമ്മയും ചടങ്ങിൽ സഹകാർമ്മികരായി .മാർച്ച് 28 മുതൽ 31 വരെയാണ് അഗ്നിക്കോലങ്ങൾ ഉൾപ്പെടുന്ന ചാമുണ്ഡി കോട്ടം മഹാ കളിയാട്ടം.