ചക്കരക്കല്ലിൽ സർവ്വേ കുറ്റി അടിക്കാനെത്തിയ ഉദ്യോഗസ്ഥരെ വ്യാപാരികൾ തടഞ്ഞു ;പ്രതിഷേധക്കാരെ ബലം പ്രയോഗിച്ചു അറസ്റ്റു ചെയ്തു

01:45 PM Mar 15, 2025 | AVANI MV

ചക്കരക്കൽ : ചക്കരക്കൽ ടൗൺറോഡ് വികസനവുമായി ബന്ധപ്പെട്ട് മൗവ്വഞ്ചേരിയിൽ സർവ്വേ കല്ല് സ്ഥാപിക്കാനായി എത്തിയ കെ.ആർ.എഫ്. ബി ഉദ്യോഗസ്ഥരെ വ്യാപാരികളും ഭൂവുടമകളും തടഞ്ഞതിൽ സംഘർഷം.മൗവ്വഞ്ചേരിയിൽ സർവ്വേക്കല്ല് സ്ഥാപിക്കാൻ ശനിയാഴ്ച്ച രാവിലെ പത്തുമണിയോടെയാണ് കെ.ആർഎഫ്ബി ഉദ്യോഗസ്ഥരെത്തിയത്.

 ഇതോടെ ചക്കരക്കൽ ടൗണിലെ വ്യാപാരികൾ സംഘടിതരായി മൗവ്വഞ്ചേരിയിലെത്തുകയായിരുന്നു. തൊഴിൽ നഷ്ടപ്പെടുന്ന വ്യാപാരികൾക്ക് വ്യക്തമായ സംരക്ഷണ പാക്കേജുകൾ പ്രഖ്യാപിച്ചാൽ മാത്രമേ കല്ലിടാൻ അനുവദിക്കുകയുള്ളുവെന്ന നിലപാട് വ്യാപാരികൾ സ്വീകരിച്ചതോടെ പൊലിസുമായി ഒരു മണിക്കൂറോളം വാക് തർക്കമുണ്ടായി.

ചക്കരക്കൽ പൊലിസ് സി.ഐ എം.പി ആസാദിൻ്റെ നേതൃത്വത്തിലെത്തിയ പൊലിസ് സംഘം പ്രതിഷേധക്കാരുമായി അനുരഞ്ജന ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല ഇതേ തുടർന്ന് ചക്കരക്കൽ പൊലിസ് സ്റ്റേഷനിൽ നിന്നും വനിതാ പൊലിസുകാർ ഉൾപ്പെടെ കൂടുതൽ പേരെത്തി. വനിതകൾ ഉൾപ്പെടെയുള്ള സമരക്കാരെ ബലം പ്രയോഗിച്ചു റോഡരികിൽ നിന്നും നീക്കാൻ തുടങ്ങിയതോടെ സംഘർഷവും ഉണ്ടായി. 

ഏറെ നേരത്തെ പ്രയത്നത്തെ തുടർന്ന്
പൊലിസ് പ്രതിഷേധക്കാരെ വാഹനത്തിൽ ബലപ്രയോഗിച്ചു കയറ്റി. സർവ്വേ കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ വ്യാപാരി നേതാക്കളെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ചു വ്യാപാരി വ്യവസായി ഏകോപന സമിതി ചക്കരക്കൽ യൂനിറ്റിൻ്റെ ആഹ്വാനപ്രകാരം ടൗണിലെ കടകൾ അടച്ചുപൂട്ടി വൈകിട്ട് വരെഹർത്താൽ നടത്തി. 

അശാസ്ത്രീയമായി നടത്തുന്ന കുറ്റിയടിക്കലിനെതിരെ പ്രതിഷേധിച്ച അൻപതോളം വ്യാപാരികളെയാണ് പൊലിസ് അന്യായമായി അറസ്റ്റു ചെയ്തതെന്ന് നേതാക്കൾ ആരോപിച്ചു. കടകളടച്ചു പണി മുടക്കിയ വ്യാപാരികൾ ചക്കരക്കൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. നൂറുകണക്കിനാളുകൾ പ്രകടനത്തിൽ പങ്കെടുത്തു.