അത്യാധുനിക സമ്പൂർണ ശ്വാസകോശ ചികിത്സാ വിഭാഗവുമായി കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രി; 'ലങ് കെയർ സെന്റർ' പ്രവർത്തനം ആരംഭിച്ചു

02:55 PM Mar 15, 2025 | AVANI MV

കണ്ണൂർ: വടക്കൻ കേരളത്തിലെ ആരോഗ്യ രംഗത്ത് പുതു ചരിത്രമെഴുതി, കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഫുൾ-ഫ്ലെഡ്ജ്ഡ് പൾമണോളജി യൂണിറ്റ് 'ലങ് കെയർ സെന്റർ' പ്രവർത്തനം ആരംഭിച്ചു. കണ്ണൂർ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സജിത്ത്‌, ലങ് കെയർ സെന്ററിന്റെ ലോഞ്ചിങ് കർമ്മം നിർവഹിച്ചു.  

കണ്ണൂരിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സജിത്തിനെ ചടങ്ങിൽ ആദരിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് കിംസ് ശ്രീചന്ദ് ആശുപത്രിയുടെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

ശ്വാസകോശ രോഗങ്ങൾ വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ, അത്യാധുനിക പൾമണറി ക്രിട്ടിക്കൽ കെയർ യൂണിറ്റും (PCCU) ഇൻ്റർവെൻഷണൽ പൾമണോളജി വിഭാഗവും ഉൾപ്പെടുന്ന ലങ് കെയർ സെന്റർ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് ഏറ്റവും മികച്ച ചികിത്സ വടക്കൻ കേരളത്തിൽ തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരംഭിച്ചിരിക്കുന്നത്.

അത്യാധുനിക പൾമണോളജി യൂണിറ്റ്

ശ്വാസകോശ രോഗങ്ങൾ, സിഒപിഡി, ശ്വാസകോശ അണുബാധ തുടങ്ങിയവ വർധിച്ചു വരുന്ന സാഹചര്യത്തിൽ, ഈ രംഗത്ത് വിദഗ്ദ്ധ ചികിത്സാ സൗകര്യങ്ങൾ അനിവാര്യമാണ്. ഈ തിരിച്ചറിവിൽ നിന്നാണ് കിംസ് കണ്ണൂർ, അത്യാധുനിക പൾമണോളജി യൂണിറ്റിന് രൂപം നൽകിയിരിക്കുന്നത്. സങ്കീർണമായ ശ്വാസകോശ രോഗങ്ങൾക്കും, ഗുരുതരമായ അവസ്ഥകൾക്കും ഒരുപോലെ ചികിത്സ നൽകാൻ ശേഷിയുള്ള ഈ യൂണിറ്റ്, രോഗികൾക്ക് വലിയ ആശ്വാസമാകും.

പൾമണറി ക്രിട്ടിക്കൽ കെയർ യൂണിറ്റ് (PCCU)

ഗുരുതരമായ ശ്വാസകോശ രോഗങ്ങൾ, എ ആർ ഡി എസ് (അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം), സങ്കീർണമായ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമാണ് കിംസിലെ പൾമണറി ക്രിട്ടിക്കൽ കെയർ യൂണിറ്റ്. ഇവിടെ, രോഗികൾക്ക് 24 മണിക്കൂറും മുതിർന്ന പൾമണോളജിസ്റ്റുകളുടെയും ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റുകളുടെയും വിദഗ്ദ്ധ പരിചരണം ഉറപ്പാക്കുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ ഉടനടി ചികിത്സ ലഭ്യമാക്കുന്നതിലൂടെ രോഗികളുടെ ജീവൻ രക്ഷിക്കാൻ ഈ യൂണിറ്റ് മുൻപന്തിയിൽ ഉണ്ടാകും. കൂടാതെ, ഒരുപാട് ഡോക്ടർമാരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ ഉയർന്നുവരുന്ന വിദഗ്ധ നിർദേശങ്ങൾ രോഗിയുടെ ചികിത്സയെ കൂടുതൽ ഫലപ്രദമാക്കുന്നു.

ഇൻ്റർവെൻഷണൽ പൾമണോളജി

കിംസ് കണ്ണൂർ പൾമണോളജി യൂണിറ്റിലെ ഇൻ്റർവെൻഷണൽ പൾമണോളജി വിഭാഗം, ശ്വാസകോശ രോഗ ചികിത്സയിൽ ഒരു നിർണ്ണായക മുന്നേറ്റമാണ്. ശസ്ത്രക്രിയകളില്ലാത്ത നൂതന ചികിത്സാ രീതികളാണ് ഈ വിഭാഗത്തിൻ്റെ പ്രധാന ആകർഷണം. ബ്രോങ്കോസ്കോപ്പി, എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട് (EBUS), ക്രയോതെറാപ്പി, എയർവേ സ്റ്റെൻ്റിംഗ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ചെറിയ മുറിവുകളിലൂടെ കൃത്യമായ രോഗനിർണയവും ചികിത്സയും ഇവിടെ സാധ്യമാക്കുന്നു. 

ഈ ചികിത്സാരീതികൾ ശസ്ത്രക്രിയ ഒഴിവാക്കാനും, ആശുപത്രി വാസം കുറയ്ക്കാനും, രോഗിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനും സഹായിക്കുന്നു. പലപ്പോഴും രോഗികൾക്ക് ഒരു ദിവസം കൊണ്ട് തന്നെ ആശുപത്രി വിട്ട് പോകാൻ സാധിക്കുന്നു എന്നത് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. ഇൻ്റർവെൻഷണൽ പൾമണോളജി വിഭാഗം ശ്വാസകോശ കാൻസർ നേരത്തേ കണ്ടെത്താനും, ഫലപ്രദമായി ചികിത്സിക്കാനും സഹായിക്കുന്നു.

സാങ്കേതികവിദ്യയും രോഗി സൗഹൃദ സമീപനവും

കിംസ് കണ്ണൂർ പൾമണോളജി യൂണിറ്റ്, അത്യാധുനിക സാങ്കേതികവിദ്യക്കും രോഗി സൗഹൃദ സമീപനത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്നു. പുതിയ വെൻ്റിലേറ്ററുകൾ, നോൺ-ഇൻവേസിവ് വെൻ്റിലേഷൻ (NIV), ഹൈ-എൻഡ് ഇമേജിംഗ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ മികച്ച രോഗനിർണയത്തിനും ചികിത്സക്കും ഇവിടെ ഉപയോഗിക്കുന്നു. കൃത്യമായ ശ്വാസകോശ വിലയിരുത്തലിനായി കോംപ്രിഹെൻസീവ് ലംഗ് ഫങ്ക്ഷൻ ടെസ്റ്റുകൾ (PFT, DLCO, FeNO) ഇവിടെ ലഭ്യമാണ്. ചികിത്സക്ക് ശേഷം രോഗികൾക്ക് ശരിയായ പരിചരണവും, ആരോഗ്യവും വീണ്ടെടുക്കാൻ റീഹാബിലിറ്റേഷൻ പ്രോഗ്രാമുകളും ഈ യൂണിറ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

കണ്ണൂരിൽ ആരംഭിച്ച ഈ അത്യാധുനിക പൾമണോളജി യൂണിറ്റ്, വടക്കൻ കേരളത്തിലെ ജനങ്ങൾക്ക് ശ്വാസകോശ രോഗങ്ങളുടെ ചികിത്സയിൽ പുതിയ പ്രതീക്ഷ നൽകുന്നു. മികച്ച ഡോക്ടർമാരും, അത്യാധുനിക സൗകര്യങ്ങളും, രോഗി സൗഹൃദ സമീപനവും കിംസ് കണ്ണൂർ പൾമണോളജി യൂണിറ്റിനെ വേറിട്ടതാക്കുന്നു.

വാർത്താ സമ്മേളനത്തിൽ കിംസ്  കേരള ക്ലസ്റ്റർ സിഇഒ ആൻഡ് ഡയറക്ടർ ഫർഹാൻ യാസീൻ, കിംസ് ശ്രീചന്ദ് ഹോസ്പിറ്റൽ യൂണിറ്റ് മേധാവി ഡോ. ദിൽഷാദ് ടി.പി, സ്പെഷ്യലിസ്റ്റ് ഇൻ്റർവെൻഷണൽ പൾമണോളജി ഡോക്ടർ ജുനൈദ് ഹുസൈൻ, കൺസൾട്ടൻ്റ് പൾമണോളജിസ്റ്റ് ഡോക്ടർ ഫിലിപ്സ് ആൻ്റണി, കൺസൾട്ടൻ്റ് പൾമണോളജിസ്റ്റ് ഡോക്ടർ സാബിർ സി, അസോസിയേറ്റ് കൺസൾട്ടൻ്റ് ക്രിട്ടിക്കൽ കെയർ ഡോക്ടർ സനിൽ വി എന്നിവർ പങ്കെടുത്തു.