കണ്ണപുരം : തദ്ദേശ സ്ഥാപനങ്ങളിലെ ഓൺലൈൻ സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിന് പഞ്ചായത്തുകളിൽ കെ സ്മാർട്ട് വിന്യസിക്കുന്നതിന്റെ ഭാഗമായി ഏഴോം ഗ്രാമ പഞ്ചായത്തിലെ വായനശാലകൾക്കുള്ള ഇന്റർനെറ്റ് കണക്ഷൻ ഉദ്ഘാടനം മുൻ നിയമസഭാംഗം ടി.വി. രാജേഷ് നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഗോവിന്ദൻ അധ്യക്ഷനായി. ബി എസ് എൻ എൽ ഡെപ്യൂട്ടി ജനറൽ മാനേജർ കെ. വി മനോജ് കുമാർ മുഖ്യാതിഥിയായി.
ഗ്രാമപഞ്ചായത്തുകളിൽ നിലവിലുള്ള ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മോണിറ്ററിംഗ് സിസ്റ്റം ഒഴിവാക്കിയാണ് ഏപ്രിൽ ആദ്യവാരം മുതൽ കെ സ്മാർട്ട് വിന്യസിക്കുന്നത്. പൂർണമായും വെബ് അധിഷ്ഠിതമായ ഈ പദ്ധതിയിലൂടെ സേവങ്ങൾക്കായുള്ള അപേക്ഷകളും പരാതികളും ഓൺലൈനായി സമർപ്പിക്കാനും അവയുടെ സ്റ്റാറ്റസ് ഓൺലൈനായി തന്നെ അറിയാനും സാധിക്കും.
അപേക്ഷകളും പരാതികളും കൈപ്പറ്റിയതിന്റെ രസീത് പരാതിക്കാരന്റെ അല്ലെങ്കിൽ അപേക്ഷകന്റെ വാട്സ്ആപ്പിലും ഇ-മെയിലിലും ഇന്റഗ്രേറ്റഡ് മെസേജിംഗ് സംവിധാനത്തിലൂടെ അയച്ച് കൊടുക്കും. ഇതിനായാണ് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴോം ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും തെരഞ്ഞെടുക്കപ്പെട്ട വായനശാലകൾക്ക് ബി എസ് എൻ എൽ അതിവേഗ ഇന്റർനെറ്റ് നൽകിയത്.
ഇൻഫർമേഷൻ കേരള മിഷൻ ടെക്നിക്കൽ ഓഫീസർ ടി.കെ ജീജ
കെ സ്മാർട്ട് പദ്ധതിയെക്കുറിച്ച് ക്ലാസ്സെടുത്തു. കൂടുതൽ വായനശാലകൾക്ക് ഇന്റർനെറ്റ് കണക്ഷൻ നൽകി പദ്ധതി വിപുലീകരിക്കാനും പഞ്ചായത്തിന്റെ ആലോചനയിലുണ്ട്. ഈ പദ്ധതിയോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിൽ സൗജന്യ വൈഫൈ നൽകുമെന്ന് ബി എസ് എൻ എൽ പ്രതിനിധികൾ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എൻ ഗീത, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. അനിൽ കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ വിശ്വനാഥൻ മാസ്റ്റർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. സുലോചന, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി. എം കൃഷ്ണപ്രഭ, ആസൂത്രണ സമിതി അംഗം എം.കെ സുകുമാരൻ , ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.പി മനോജ്, ബി എസ് എൻ എൽ എസ്ഡിഇ കെ.പി. ജിതേഷ്, പി.വി രാമദാസൻ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.കെ. ദിലീന, അസിസ്റ്റന്റ് സെക്രട്ടറി എം. ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു.