+

വലിയ വട്ടളം ഗുരുതിയോടെ ചിറക്കൽ കോവിലകം മഹാകളിയാട്ടം സമാപിച്ചു

അഞ്ചു ദിവസമായി നടന്നുവന്ന ചിറക്കൽ കോവിലകം ചാമുണ്ഡി കോട്ടം മഹാ കളിയാട്ടം കോവിലകം മന്ത്രശാലയിൽ നടന്ന കോലസ്വരൂപത്തിങ്കൽ തായ്പരദേവതയുടെ വലിയ വട്ടളം ഗുരുതി തർപ്പണത്തോടെ തിങ്കളാഴ്ച രാത്രി സമാപിച്ചു.

ചിറക്കൽ: അഞ്ചു ദിവസമായി നടന്നുവന്ന ചിറക്കൽ കോവിലകം ചാമുണ്ഡി കോട്ടം മഹാ കളിയാട്ടം കോവിലകം മന്ത്രശാലയിൽ നടന്ന കോലസ്വരൂപത്തിങ്കൽ തായ്പരദേവതയുടെ വലിയ വട്ടളം ഗുരുതി തർപ്പണത്തോടെ തിങ്കളാഴ്ച രാത്രി സമാപിച്ചു.

ചിറക്കൽ കോവിലകത്തിൻ്റെ കുലപരദേവതയായ തിരുവർകാട്ട് ഭഗവതിയുടെ തിരുമുടിയും സ്വരൂപ ദേവതയായ ചുഴലി ഭഗവതി, വീരചാമുണ്ഡി, എടലാപുരത്ത് ചാമുണ്ഡി എന്നീ തെയ്യങ്ങളുടെ തിരുമുടിക്കും ശേഷമാണ് തിങ്കളാഴ്ച രാത്രി കോല സ്വരൂപത്തിങ്കൽ തായ് പരദേവതയ്ക്ക് മന്ത്രശാലയിൽ വലിയ വട്ടളം ഗുരുതി തർപ്പണം നടത്തിയത്.

പുലർച്ചെ യക്ഷൻ, യക്ഷി തെയ്യങ്ങളുടെ പുറപ്പാടും പുലിച്ചാമുണ്ഡിയുടെ അഗ്നിയാട്ടവും ദർശിക്കാൻ വിവിധ ദേശങ്ങളിൽ നിന്നായി നൂറുകണക്കിനു ഭക്തരെത്തി. തോട്ടുംകര ഭഗവതി, ഇളം കരുമകൻ, പുതു ർവാടി, ഉച്ചിട്ട, തെക്കൻ കരിയാത്തൻ, കരുവാൾ രക്തചാമുണ്ഡി തുടങ്ങിയ തെയ്യങ്ങളും സമാപന ദിനം ഉറഞ്ഞാടി
അഗ്ഘണ്ടാകർണനും വിഷ്ണുമൂർത്തി ( തീച്ചാമുണ്ഡി)യുടെ അഗ്നി പ്രവേശവും കാണാൻ ഇക്കുറി അഭൂതപൂർവമായ തിരക്ക് അനുഭവപ്പെട്ടു.

അഞ്ചു ദിവസങ്ങളായി 37 തെയ്യങ്ങളാണ് മഹാകളിയാട്ടത്തിൽ തിരുമുടിയണിഞ്ഞത്. പദ്മശ്രീ ഇ.പി. നാരായണ പെരുവണ്ണാൻ  തിരുവർകാട്ട് ഭഗവതിയുടെയും നന്ദകുമാർ ചിങ്കം ചെറുപുഴ പുലിച്ചാമുണ്ഡിയുടെയും ബ്രണ്ണൻ കോളജ് ഡിഗ്രി വിദ്യാർത്ഥി അഴീക്കോട് കരുവയൽ വിഷ്ണു പണിക്കർ തീച്ചാമുണ്ഡിയുടെയും കോലധാരിയായി.

തായ്പരദേവതയുടെ കലശത്തിന് ദിനേശൻ തെക്കൻ കുറൻ പെരുവണ്ണാനും വലിയ വട്ടളംഗുരുതിക്ക് ശ്രീജേഷ് എമ്പ്രോനും മുഖ്യകാർമികത്വം വഹിച്ചു. തിരുവിതാംകൂർ രാജ പ്രതിനിധിയായി തിരുവാതിരനാൾ നാലപ്പാട്ട് ലക്ഷ്മീഭായി തമ്പുരാട്ടി മഹാകളിയാട്ടത്തിൽ മുഴുവൻ സമയം പങ്കെടുത്തു.

ചിറക്കൽ കോവിലകം ഉത്രട്ടാതി തിരുന്നാൾ സി.കെ. രാമവർമ്മവലിയ രാജ , ചാമുണ്ഡി കോട്ടം മഹാകളിയാട്ടം കൺവീനർ സി.കെ. സുരേഷ് വർമ്മ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

facebook twitter