+

63 വർഷത്തിന് ശേഷം 75 വയസു പിന്നിട്ടവരുടെ പൂർവ്വ വിദ്യാർത്ഥി സംഗമം, കണ്ണൂരിന് കൗതുകമായി അപൂർവ്വ സംഗമം

കണ്ണൂരിൽ 63 വർഷത്തിന് ശേഷം 75 വയസു പിന്നിട്ട വനിതകൾ നടത്തിയ പൂർവ്വ വിദ്യാർത്ഥി സംഗമം കാഴ്ച്ചക്കാരിൽ കൗതുകമായി.1962 ലെ പയ്യാമ്പലം ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ

കണ്ണൂർ : കണ്ണൂരിൽ 63 വർഷത്തിന് ശേഷം 75 വയസു പിന്നിട്ട വനിതകൾ നടത്തിയ പൂർവ്വ വിദ്യാർത്ഥി സംഗമം കാഴ്ച്ചക്കാരിൽ കൗതുകമായി.1962 ലെ പയ്യാമ്പലം ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ എസ് എസ് എൽ സി വിദ്യാർത്ഥികളാണ് ജീവിതത്തിൻ്റെ സായാഹ്ന കാലത്ത് കളിചിരികളുമായി ഒത്തുകൂടിയത്. ഇവരെല്ലരുംഎല്ലാവരും 75 വയസിന് മുകളിലുള്ളവരാണെന്നതാണ് സവിശേഷത. 63 വർഷത്തിന് ശേഷമാണ് ഈ അപൂർവ്വമായ ഒത്തുചേരൽ.

കഴിഞ്ഞ വർഷം നവംബറിൽ 1962 ബാച്ചിലെ കെ സി പ്രഭ എറണാകുളത്ത് നിന്നും കണ്ണൂരിലെ തൻ്റെ സഹപാഠിയായ സി എം ഗീതയെയും സഹോദരി താരയെയും കാണാനെത്തിയിരുന്നു. തങ്ങൾ പഠിച്ച സ്കൂളിൽ ചെന്ന് പഴയ ഓർമ്മകൾ പുതുക്കി. തങ്ങൾ പണ്ട് പഠിച്ച സ്കൂളും ക്ലാസും പരിസരവും അധ്യാപകരെയും സഹപാഠികളെയും ഓർത്തെടുത്തു. 

എന്നാൽ എന്തുകൊണ്ട് ഏവരെയും വീണ്ടും ഒരുമിപ്പിച്ച് ഒരൊത്തുചേരലായിക്കൂടാ എന്ന ചിന്തയിൽ നിന്നാണ് പൂർവ്വ വിദ്യാർത്ഥി സംഗമത്തിലേക്ക് നയിച്ചത്. സി എം ഗീത, കമല, കെ സി പ്രഭ എന്നിവരാണ് സംഗമത്തിന് നേതൃത്വം നൽകിയത്. ഇതിനായി ഇവർക്ക് ഒരു പാട് അധ്വാനിക്കേണ്ടി വന്നിരുന്നു. ചിലർ നേരത്തെ മരണമടഞ്ഞിരുന്നു..അവശേഷിച്ചവരിൽ ചിലർ ദൂരദേശങ്ങളിലാണ് കഴിഞ്ഞിരുന്നത്. ഇവരുടെയൊക്കെ നമ്പർ തപ്പി പിടിച്ചെടുത്താണ് പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് കളമൊരുക്കിയത്.

പൂർവ്വ വിദ്യാർത്ഥികളായ 15 പേർ സംഗമത്തിൽ പങ്കെടുത്തു. ബാച്ചിൻ്റെ വകയായി കർട്ടനുകളും ഫാനും സ്കൂളിന് നൽകി. പ്രഥമാധ്യാപിക സി പ്രീത, കെ ശ്രുതി, കെ പി രജീഷ്, ആഷിഖ് എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും നടന്നു.

facebook twitter