കണ്ണൂർ : കണ്ണിൽ കണ്ടതെന്തും കണ്ണടച്ചു തുറക്കും മുൻപെ കൃത്യമായിപറയും അലൈന ശരത്തെന്ന രണ്ടു വയസുകാരി. കണ്ണൂർ കായ ലോടി നടുത്തുള്ള പറമ്പായിയിലെ അനുഗ്രഹയിൽ താമസിക്കുന്ന അലൈന ശരതിന് ഈ കാര്യത്തിൽ പ്രത്യേക കഴിവു തന്നെയുണ്ട്. മൃഗങ്ങളുടെ ചിത്രങ്ങളുള്ള കാർഡുകൾ മുൻപിലോട്ട് ഇട്ടു കൊടുത്താൽ ഓരോന്നായി അവയേതെന്ന് ഈ കുട്ടി നിമിഷങ്ങൾക്കുള്ളിൽ പറയും. അവയുടെ ശബ്ദവും ഈ കൊച്ചു മിടുക്കി അടിപൊളിയായി അനുകരിക്കും.
മൃഗങ്ങൾ മാത്രമല്ല പഴവർഗങ്ങളും അക്ഷരമാലയും അക്കങ്ങളും ഉടനടി വ്യക്തതയോടെ പറയാൻ അലൈനയ്ക്കു കഴിയും. ലോകപ്രശസ്ത ശാസ്ത്രജ്ഞൻമാരുടെ ആദ്യ പേരുകൾ അമ്മയോ മറ്റുള്ളവരോ പറഞ്ഞാൽ ഇവരുടെ പൂർണ നാമവും ശരിയായി ഉച്ചരിക്കുന്നതും ആരെയും അത്ഭുതപ്പെടുത്തും. ഒന്നര വർഷം മുൻപാണ് കൊച്ചിയിലെ കളമശേരിയിലെ ഫ്ളാറ്റിൽ താമസിക്കുമ്പോൾ ഇത്തരം കൗതുകം കുട്ടി കാണിച്ചു തുടങ്ങിയത്.
ഇതോടെ ശരത്തിൻ്റെ മാതാപിതാക്കളായ ശശിധരനും ശോഭയും കുഞ്ഞിൻ്റെ ഈ കഴിവ് തിരിച്ചറിഞ്ഞ് തങ്ങളുടെതായ പരിശ്രമത്തിലൂടെ വളർത്തിയെടുക്കാൻ തുടങ്ങി. കൂട്ടിന് കുസാറ്റിലെ ശാസ്ത്രജ്ഞയും ചെറുവത്തൂർ സ്വദേശിനിയുമായ അമ്മ ഡോ. ലയ കൃഷ്ണനും ചേർന്നതോടെ കളി കാര്യമായി മാറി. ഇതു വെറുതെയായി മാറിയില്ല ഒരു വയസും ഏഴു മാസവും പ്രായമായിരിക്കെ 26 മൃഗങ്ങളെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തിരിച്ചറിഞ്ഞതിന് അലൈന ശരത്തിന് ഇൻഡ്യാ ബുക്സ് ഓഫ് റെക്കാർഡ് പുരസ്കാരം ലഭിച്ചു.
2025 ലെ കലാമ്സ് വേൾഡ് റെക്കാർഡിനും അലൈന ശരത് അർഹയായി. 2025 മാർച്ചിലാണ് ഈ പുരസ്കാരം ലഭിച്ചത്. കാൺപൂർ ഐ.ഐ.ടി യിൽ ഉദ്യോഗസ്ഥനാണ് അലൈനയുടെ പിതാവ് ഡോ. ശരത്. കൊച്ചിൻ കുസാറ്റിൽ ജോലി ചെയ്യുന്ന അമ്മ ഡോക്ടർ ലയയോടൊപ്പം കളമശേരിയിലെ ഫ്ളാറ്റിലാണ് താമസിച്ചു വരുന്നത്. ഫിസിക്സിൽ ഉന്നത ബിരുദമുള്ള തങ്ങൾക്ക് മകളെ കൂടുതൽ ശാസ്ത്രജ്ഞൻമാരെ ഇത്തരത്തിൽ പരിചയപ്പെടുത്താറുണ്ടെന്ന്ഡോക്ടർ ലയ പറഞ്ഞു.
ഇത്തരത്തിൽ കുഞ്ഞിൻ്റെ അഭിരുചികൾ വളർത്തിയെടുക്കുന്നതിനായുള്ള ശ്രമത്തിലാണ് ഈ ശാസ്ത്രത്തിൽ ഡോക്ടറേറ്റുള്ള ഈദമ്പതികൾ. കൂത്തുപറമ്പിനടുത്തെ കായലോട് പറമ്പായിലാണ് ഡോക്ടർ ശരതിൻ്റെ വീട്''ഇതിന് സമീപത്തെ കുട്ടിച്ചാത്തൻ മഠത്തിൽ ഉത്സവത്തിൽ പങ്കെടുക്കാനാണ് ഇവർ ജോലിസ്ഥലത്തു നിന്നും നാട്ടിലെത്തിയത്. അലൈനയുടെ എല്ലാം തിരിച്ചറിയാനും ഓർത്തു പറയാനുമുള്ള വേറിട്ടകഴിവ് ബന്ധുക്കൾക്കും നാട്ടുകാർക്കും കൗതുകമായിരിക്കുകയാണ്.