കണ്ണപുരം: കണ്ണപുരത്ത് പൊലിസ് പിഴുതു മാറ്റിയ കൊടിമരം പുന:സ്ഥാപിച്ചു പ്രകടനമായെത്തിയ ബി.ജെ.പി പ്രവർത്തകർ പതാക ഉയർത്തി. കല്യാശേരി സിഐയുടെ നടപടിയിൽ പ്രതിഷേധിച്ച് ബിജെപി കല്യാശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരം പ്രദേശത്ത് പ്രതിഷേധ പ്രകടനം നടത്തി. കണ്ണപുരം ചൈനക്ലെ റോഡിൽ നിന്നാരംഭിച്ച പ്രകടനം കണ്ണപുരം പോലീസ് സ്റ്റേഷനിൽ സമാപിച്ചു.
പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കല്ല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് സി.വി. സുമേഷ്, ജില്ലാ സെൽ കോഡിനേറ്റർ ഗംഗാധരൻ കാളീശ്വരം, ജില്ലാ കമ്മറ്റിയംഗം മധി മാട്ടൂൽ, സുജിത്ത് വടക്കൻ തുടങ്ങിയവർ നേതൃത്വം നൽകി. പ്രതിഷേധ ധർണ്ണയ്ക്കുശേഷം ബിജെപി കണ്ണൂർ നോർത്ത് ജില്ലാ അധ്യക്ഷൻ കെ.കെ. വിനോദ്കുമാർ പാർട്ടി പതാക ഉയർത്തുകയായിരുന്നു.ബിജെപി സ്ഥാപന ദിനത്തിന്റെ ഭാഗമായി ഉയർത്തിയ പതാകയും കൊടിമരവും ഇരുട്ടിന്റെ മറവിൽ പിഴുതെടുത്ത് നശിപ്പിച്ച കണ്ണപുരം സിഐയുടെ നടപടിക്കെതിരെയാണ് ബി.ജെ.പി നേതൃത്വം രംഗത്തുവന്നത്. കണ്ണപുരം-ചെറുകുന്ന് മേഖലയിൽ അധികാരത്തിന്റെ തണലിൽ ബിജെപിക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നതിന്റെ ഭാഗമാണ് സിഐയുടെ നടപടിയെന്നാണ് ആരോപണം.
കണ്ണപുരം ചൈന ക്ലേ റോഡിൽ ഉയർത്തിയ ബിജെപിയുടെ കൊടിമരമാണ് കണ്ണപുരം സിഐ ബാബുമോന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസംരാത്രി 12 മണിക്ക് നശിപ്പിച്ചത്. സിഐയുടെ നേതൃത്വത്തിൽ കൊടിമരം പിഴുതെടുക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കണ്ണപുരം ഭാഗത്ത് എവിടെയും കൊടിമരം ഉയർത്തിയാൽ ഇതുപോലെ ഇരുട്ടിന്റെ മറവിൽ കണ്ണപുരം പോലീസ് തിരഞ്ഞുപിടിച്ച് നശിപ്പിക്കുകയാണെന്നും പോലീസിന്റെ നടപടി സംഘർഷത്തിന് വഴിയൊരുക്കുകയാണെന്നും ബിജെപി ആരോപിച്ചു.ബിജെപി ശക്തികേന്ദ്രങ്ങളെ സംഘർഷ മേഖലയെന്ന് പ്രചരിപ്പിച്ച് സംഘപരിവാർ സംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യത്തെ പോലീസ് ഇല്ലാതാക്കുകയാണെന്നും വിവിധ സംഘടനകൾ ആരോപിച്ചു. സ്വന്തം വീട് സ്ഥിതി ചെയ്യുന്ന പോലീസ് സ്റ്റേഷനിൽ സിഐയായി നിയമിക്കപ്പെട്ടത് സിപിഎം നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണെന്നും പാർട്ടിവിധേയത്വം കാരണമാണ് സംഘപരിവാർ സംഘടനകളുടെ കൊടിമരവും പതാകയും മാത്രം തിരഞ്ഞുപിടിച്ച് സിഐയുടെ നേതൃത്വത്തിൽ നശിപ്പിക്കുന്നതെന്നും ബിജെപി ആരോപിച്ചു.
കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ ബിജെപി ഇതര സംഘടനകളുടെ പതാകകൾ സ്ഥാപിച്ചിട്ടുണ്ടെന്ന്രിക്കെ ഇവയൊന്നും നശിപ്പിക്കാതെ ബിജെപിയുടേത് മാത്രം നശിപ്പിക്കുന്നത് ഏന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടു.