തളിപ്പറമ്പ് : ഗ്യാസ് സിലിൻഡർ ചോർച്ച കാരണം ഹോട്ടലിന് തീപ്പിടിച്ചത് പരിഭ്രാന്തി പരത്തി. തളിപറമ്പ് നഗരത്തിലെ മന്ന ജങ്ഷനിൽ ആലക്കോട് റോഡിലെ ടോപ്പ് ഇൻ ടൗൺ ഹോട്ടലിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച്ച രാത്രി എട്ടോടെയാണ് സംഭവം. ആളപായമില്ല. ഗ്യാസ് സിലിൻഡർ ചോർന്നതാണ് തീപ്പിടിത്തത്തിന് കാരണം.
തളിപ്പറമ്പിൽ നിന്നുള്ള അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്.മന്നയിലെ തിരക്കേറിയ ജങ്ഷനിലെ ഹോട്ടലിലാണ് തീപ്പിടിച്ചത്. തീയാളുന്നത് കണ്ട തൊഴിലാളികൾ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
അടുക്കളഭാഗം പൂർണമായും കത്തി നശിച്ചു. മലയോര ഭാഗത്തേക്കും സംസ്ഥാന പാതയിലും ഇതുവഴി ഗതാഗതം നിലച്ചു. ഹോട്ടലിനകത്തെ വയറിങ്, സി സി ടി വി എന്നിവയും ഉപയോഗശൂന്യമായി.
ഗ്യാസ് നിറച്ച നാല് സിലിൻഡറുകൾ കൂടി അടുക്കളയിൽ ഉണ്ടായിരുന്നു. തുടർന്ന് അഗ്നിരക്ഷാ സേനയെത്തി വെള്ളം ചീറ്റി ചൂട് കുറച്ചാണ് മറ്റ് ഗ്യാസ് സിലിൻഡർ നീക്കിയത്. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ കെ വി സഹദേവന്റെ നേതൃത്വത്തിൽ കെ വി രാജീവൻ, അനീഷ് പാലവിള, കെ വി അനൂപ്, വിപിൻ, പി ചന്ദ്രൻ, കെ സജീന്ദ്രൻ എന്നിവർ ചേർന്നാണ് തീയണച്ചത്.