കണ്ണൂർ: കണ്ണൂർ സിറ്റിയിൽ കോൺഗ്രസ് നേതാവും മുൻ കോർപറേഷൻ കൗൺസിലറുമായ സിന്ധുപ്രതാപൻ്റെ വീടിന് നേരെ കല്ലേറ്' ബുധനാഴ്ച്ച പുലർച്ചെ നാലു മണിയോടെയാണ് സംഭവം. കോൺഗ്രസ് ഈസ്റ്റ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻ്റും മുൻ തയ്യിൽ കോർപറേഷൻ വാർഡ് കൗൺസിലറുമായ സിന്ധു പ്രതാപൻ്റെ തയ്യിൽ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വീടിന് നേരെയാണ് കല്ലേറുണ്ടായത്.
കുരുംബ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായി പ്രദേശത്തെ വൈദ്യുതി തൂണുകളിൽ ആർ.എസ്.എസ് എന്നെഴുതിയത് പൊലിസ് മായ്ച്ചിരുന്നു. ഇതു സിന്ധു പ്രകാശ് നൽകിയ പരാതിയെ തുടർന്നാണെന്ന് തെറ്റിദ്ധരിച്ചാണ് അക്രമമെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. കല്ലേറിൽ വീടിൻ്റെ മുൻവശത്തെ ചില്ലുകൾ തകർന്നിട്ടുണ്ട്.
വീടിനും കേടുപാടുകൾ പറ്റി. ഗൃഹനാഥൻ പ്രതാപൻ്റെ പരാതിയിൽ കണ്ണൂർ സിറ്റി പൊലിസ് കേസെടുത്തു. കോൺഗ്രസ് നേതാക്കളായ ടി. ഒ മോഹനൻ, റിജിൽ മാക്കുറ്റി രാഹുൽ കായക്കൽ എന്നിവർ അക്രമം നടന്ന വീട് സന്ദർശിച്ചു.