ഇരിട്ടി : ആറളത്ത് ലക്ഷങ്ങൾ മുടക്കി ഒരു മാസം മുൻപ് വനം വകുപ്പ് നിർമിച്ച സോളാർ വേലി നശിപ്പിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണമാരംഭിച്ചു. പുതിയ ഇരട്ട ലൈൻ സോളാർ വേലി നിർമിക്കുന്നതിൻറെ മറവിലാണ് മരങ്ങൾ മുറിച്ചിട്ടും തൂണുകൾ പിഴുതുമാറ്റിയും, പുനരുപയോഗിക്കാൻ കഴിയാത്ത വിധം നിലവിലുളള വേലി തകർത്തത്. രണ്ട് കിലോമീറ്ററോളം ദൂരത്തിൽ പ്രതിരോധവേലി പ്രവർത്തനരഹിതമായിസംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിഎഫ്ഓ റേഞ്ച് ഓഫീസർക്ക് നിർദേശം നൽകി.
കാട്ടാന പതിവായിറങ്ങുന്ന സ്ഥലങ്ങളിലൊന്നാണിത്. ഫെബ്രുവരിയിൽ ആദിവാസി ദമ്പതികളെ ആന കൊലപ്പെടുത്തിയതിന് പിന്നാലെയാണ് കോട്ടപ്പാറ മുതൽ പതിമൂന്നാം ബ്ലോക്ക് വരെ സോളാർ വേലി നിർമിക്കാൻ തീരുമാനിച്ചത്. 35 വനം വകുപ്പ് ജീവനക്കാർ പന്ത്രണ്ട് ദിവസം കൊണ്ട് അഞ്ചര കിലോമീറ്ററിൽ വേലി പണിതു. നാല് ലക്ഷത്തോളം രൂപ ചെലവായെന്നാണ് കണക്ക്.
ആ വേലിയാണ് ഒരു മാസത്തിനുളളിൽ നശിപ്പിച്ചത്. മരങ്ങൾ മുറിച്ചും പിഴുതും വേലിക്ക് മുകളിലിട്ടു. നിരവധി തൂണുകൾ തകർന്നു. രണ്ടര കിലോമീറ്ററോളം ദൂരം വേലി പ്രവർത്തന രഹിതമായി. പുതിയ ഇരട്ട ലൈൻ സോളാർ വേലി ഇവിടെ നിർമിക്കാൻ 36 ലക്ഷത്തിന് കരാറായിരുന്നു. അതിൻറെ മറവിലാണ് നിലവിലുളള വേലി തകർത്തതെന്നാണ് പരാതി.