പെരളശേരി : ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ മാവിലാക്കാവ് ദൈവത്താറീശ്വര ക്ഷേത്രത്തിൽ അടിയുത്സവം നടന്നു. ആയിരക്കണക്കിന് ഭക്തജനങ്ങളുടെ ആർപ്പുവിളികളോടെയാണ് ഇക്കുറിയും മൂന്നാം പാലം നിലാഞ്ചിറ വയലിൽ അടിയുത്സവം നടന്നത്. സുധാകരൻ്റെ നേതൃത്വത്തിൽ മൂത്ത കൂർവാടിലെയും നിധിൻ നെടുമ്പറമ്പിൻ്റെ നേതൃത്വത്തിൽ ഇളയ കൂർവാടിലെയും നേതൃത്വത്തിലാണ് കുളിച്ചുടുത്ത വാല്യക്കാരുടെ ചുമലിൽ ഇരുന്ന് അടിയുത്സവം നടത്തിയത്.
രാത്രി 7.55 ന് തുടങ്ങിയ ആദ്യ റൗണ്ട് അടി 8.10 വരെയും 8 .10ന് തുടങ്ങിയ രണ്ടാം റൗണ്ട് അടി 8.20 വരെയും നീണ്ടുനിന്നു. ഇരുപക്ഷത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി നാട്ടുകാരും ഇരുവശവും ചേർന്നതോടെ അടിയുത്സവത്തിൻ്റെ ആവേശം പരകോടിയിലെത്തി.
ഒരു പിടി അവലിന് വേണ്ടി ദൈവത്താറീശ്വരൻ്റെ സാന്നിദ്ധ്യത്തിൽ സഹോദരൻമാർ നടത്തിയ തിക്കലിൻ്റെയും അടിയുടെയും ഓർമ്മ പുതുക്കലാണ് അടിയുത്സവമായി ഇന്നും മാവിലാക്കാവിൽ നടത്തിവരുന്നത്. കുന്നോത്തിടത്തിൽ മുടിയും വില്ലാട്ടവും കഴിഞ്ഞ ശേഷം ദൈവത്താറുടെ മഞ്ഞൾ പൊടിയെറിഞ്ഞു.
കൊണ്ടുള്ള നടപാഞ്ഞുകയറ്റം ചടങ്ങും നടന്നു. തുടർന്ന് ക്ഷേത്രത്തിലെത്തി വില്ലാട്ടവും മുടിയഴിക്കലും നടത്തിയ ശേഷമാണ് നിലാഞ്ചിറയിൽ അടിയുത്സവം നടന്നത്. വിദേശ രാജ്യങ്ങളിലും സൈന്യത്തിലും ജോലി ചെയ്യുന്നവർ അടിയുത്സവത്തിൽ പങ്കെടുക്കാൻ എത്താറുണ്ട്.