കണ്ണൂർ : പുതുതായി സ്ഥാനമേറ്റസി പി എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെ പ്രകീർത്തിച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഴിഞ്ഞം തുറമുഖ എം ഡി യും ഐ.എ.എസ് ഉദ്യോഗസ്ഥയുമായ ദിവ്യ എസ് അയ്യർക്കെതിരെ ചീഫ് സെക്രട്ടറിയ്ക്കും, കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടർക്കും പരാതി നൽകി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ.
ഐ. എ. എസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിന് എതിരെയാണ് പരാതി. ഐ. എ എസ് ഉദ്യോഗസ്ഥയായ ദിവ്യ.എസ്. അയ്യർ അവരുടെ ഇൻസ്റ്റഗ്രാം പേജിലൂടെ പുതിയതായി നിയമിതനായ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയെ അഭിവാദ്യം ചെയ്തത് ഐ.എ എസ് ഉദ്യോസ്ഥർ പാലിക്കേണ്ട 1968 ലെ പെരുമാറ്റ ചട്ടത്തിലെ ചട്ടം (5) ൽ രാഷ്ട്രീയ നിഷ്പക്ഷതയ്ക്ക് എതിരായിട്ടുള്ളതാണെന്നും പരാതിയിൽ പറയുന്നു. നേരത്തെ കെ.കെ.രാഗേഷിനെ പുകഴ്ത്തിയതിന് ദിവ്യ എസ്. അയ്യരെ വിമർശിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ ഉൾപ്പെടെയുള്ളവർ രംഗത്തുവന്നിരുന്നു.