തളിപ്പറമ്പ സർസയ്യിദ് കോളേജ് സത്യവാങ്മൂലം ബിജെപി നിലപാട് ശരിവെക്കുന്നത് : കെ.കെ വിനോദ് കുമാർ

08:24 PM Apr 20, 2025 | Neha Nair

കണ്ണൂർ : തളിപ്പറമ്പിലെ 600 ഏക്കർ ഭൂമി വഖഫിന്റേതാണെന്ന അവകാശവാദം വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്ന ബിജെപിയുടെ നേരത്തെയുള്ള അഭിപ്രായം ശരിവെക്കുന്നതാണ് കണ്ണൂർ ഡിസ്ട്രിക്റ്റ് മുസ്ലീം എഡ്യുക്കേഷണൽ അസോസിയേഷൻ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലവും നരിക്കോട് ഇല്ലം കാരണവർ ഇപ്പോൾ നടത്തിയ വെളിപ്പെടുത്തലുമെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ പ്രസ്ഥാവനയിൽ പറഞ്ഞു. തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ, കോടതി, സർക്കാർ കെട്ടിടങ്ങൾ, മൂത്തേടത്ത് ഹയർ സെക്കൻഡറി സ്‌കൂൾ, ബസ്സ്റ്റാൻഡ് തുടങ്ങി പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം തന്നെ തങ്ങളുടേതാണെന്ന വഖഫിന്റെ വാദത്തിന് യാതൊരുവിധ അടിസ്ഥാനവുമില്ല.

ഇത്തരത്തിൽ ഒരു അവകാശവുമില്ലാത്തവരാണ് മുന്നൂറിലധികം വീട്ടുകാരോട് ഒഴിയണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ അവിടെ താമസിക്കുന്നവരുടെ രേഖകൾ പരിശോധിച്ചാൽ പ്രസ്തുത സ്ഥലങ്ങൾ നരിക്കോട്ട് ഇല്ലത്തിന്റെ ജന്മം ആണെന്ന് കാണാൻ സാധിക്കും. ഈ സ്ഥലങ്ങളെല്ലം വഖഫിന്റേതാണെന്ന് അവകാശവാദമുന്നയിക്കാൻ എന്ത് അധികാരമാണുള്ളത്.

സർസയ്യിദ് കോളേജിൽ മുസ്ലീം ലീഗ് നേതൃത്വം നൽകുന്ന ഭരണസമിതിയാണ് കോളേജ് നിലനിൽക്കുന്ന സ്ഥലം നരിക്കോട്ട് ഇല്ലത്തിന്റേതാണെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. നരിക്കോട്ട് ഇല്ലം അവർക്ക് അവകാശപ്പെട്ട ഭൂമി തിരികെ ലഭിക്കാൻ നടപടിയുമായി മുന്നോട്ട് വന്നാൽ ബിജെപി അവർക്ക് പിൻതുണ നൽകും. പതിറ്റാണ്ടുകളായി വീട് വെച്ച് ജീവിക്കുന്നവരെ കുടിയൊഴിപ്പിക്കാൻ വേണ്ടി വഖഫ് ബോർഡ് പരിശ്രമിക്കുമ്പോൾ അവർക്ക് പിൻതുണ നൽകുന്ന നിലപാടാണ് സിപിഎമ്മും കോൺഗ്രസ്സും സ്വീകരിക്കുന്നത്. കേന്ദ്രസർക്കാർ പാസ്സാക്കിയ ഭേദഗതി നിയമം വഖഫിന്റെ ഇത്തരം അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങളെ ഇല്ലാതാക്കാൻ സഹായകമാണ്. ജനങ്ങളുടെ സ്വത്ത് അവർക്ക് നിലനിർത്താൻ പുതിയ നിയമം അനിവാര്യമാണെന്നും കെ. കെ. വിനോദ് കുമാർ പറഞ്ഞു.