കണ്ണൂർ തളിപ്പറമ്പ സ്കൂട്ടർ കവർച്ച ; നടുവിൽ സ്വദേശി അറസ്റ്റിൽ

04:30 PM Apr 22, 2025 | AJANYA THACHAN

തളിപ്പറമ്പ : തളിപ്പറമ്പ സയ്യി​ദ് ന​ഗറിലെ ഡ്രൈവിം​ഗ് സ്കൂൾ കോമ്പൗണ്ടിൽ നിന്ന് സ്കൂട്ടർ മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. നടുവിൽ പി എച്ച് സിക്ക് സമീപത്തെ മർവാൻ (30) ആണ് അറസ്റ്റിലായത്. റെയിൽവേ പൊലീസി​ന്റെ സഹായത്തോടെ കോഴിക്കോട് വെച്ചാണ് തളിപ്പറമ്പ എസ് ഐ ​ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ പിടികൂടിയത്. കഴിഞ്ഞ മാസം 17 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

ഇതിന് ശേഷം ജില്ലയിൽ 15 തവണ മോഷണം നടത്തിയതായി തെളിഞ്ഞു. ആലക്കോട് റോഡിൽ സയ്യിദ് ന​ഗറിൽ മലബാർ ഡ്രൈവിം​ഗ് സ്കൂളിന് മുന്നിൽ നിർത്തിയിട്ട കെ എൽ 59 ആർ 6398 ഡിയോ സ്കൂട്ടറാണ് മർവാൻ മോഷ്ടിച്ചത്. കോടത് റോഡിൽ ജിപ്സം വ്യാപാരിയായ മദ്രസയ്ക്ക് സമീപത്തെ കെ പി മർവാ​ന്റെ വാഹനമാണിത്. 

പുലർച്ചെ 3 മണിയോടെ ഇവിടെയെത്തിയ യിവാവ് ഡ്രൈവിം​ഗ് സ്കൂളിലെ ഷെഡിൽ നിന്നാണ് സ്കൂട്ടറി​ന്റെ താക്കോൽ കൈക്കലാക്കിയത്. പലപ്പോഴായി ഡ്രൈവിം​ഗ് സ്കൂളിൽ നിന്ന് കളഞ്ഞു കിട്ടിയ പണം ഷെഡിൽ സൂക്ഷിച്ചുരുന്നു. ഈ പണവും മോഷ്ടാവ് എടുത്തു. മോഷണം നടത്തുന്ന ദൃശ്യം സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഈ ദൃശ്യത്തെ ആസ്പദമാക്കി നടത്തിയ അന്വേഷണത്തിലാണ് മർവാൻ അറസ്റ്റിലായത്.