ഇരിട്ടി : ആറളം ഫാമിൽ കാട്ടാനശല്യം ദിനം പ്രതി രൂക്ഷമായി തുടരുന്നു.കാർഷിക ഫാമിന്റെ ആറാം ബ്ലോക്കിലെകഞ്ഞിപ്പുരക്ക് നേരെ കഴിഞ്ഞദിവസം രാത്രി കാട്ടാനയുടെ ആക്രമണം ഉണ്ടായത്.തൊഴിലാളികളും ജീവനക്കാരും ഭക്ഷണം പാചകം ചെയ്ത് കഴിക്കുന്നതിനായി നിർമ്മിച്ച കെട്ടിടത്തിന്റെ പുറകുവശത്തെ ഷെഡാണ് കാട്ടാനകൾ നശിപ്പിച്ചത്.
കഞ്ഞിപ്പുരയുടെ ഭിത്തി കൊമ്പുകൊണ്ട് കുത്തിതകർക്കാൻ ശ്രമിച്ചു. ആറളം കാർഷിക ഫാമിൽ ഉൾപ്പെടെ തമ്പടിക്കുന്ന കാട്ടാനകളിൽ അഞ്ചെണ്ണം അപകടകാരികൾ ആണെന്നാണ് ലഭിക്കുന്ന വിവരം.രണ്ട് മോഴയാനയും മൂന്ന് കൊമ്പനാനകളുമാണ് അക്രമകാരികൾ എന്നാണ് ലഭിക്കുന്ന വിവരം.അക്രമകാരികളായ കാട്ടാനകളാണ് ഫാമിൽ ആളുകൾക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നതും കൊല്ലുന്നതും എന്നുമാണ് പ്രദേശവാസികൾ പറയുന്നത്.
ആറാം ബ്ലോക്കിൽ ഒരു മോഴയാന ഉൾപ്പെടെ ആറ് ആനകൾ ഉണ്ടെന്നാണ്ഫാമിലെ സെക്യൂരിറ്റി ജീവനക്കാർ പറയുന്നത്. കാട്ടാനകൾ കഞ്ഞിപ്പുര പൊളിക്കുന്നത് കണ്ട് സെക്യൂരിറ്റി ജീവനക്കാർ ശബ്ദമുണ്ടാക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്യതപ്പോഴാണ് കാട്ടാനകൾ പിന്മാറിയതെന്നും ഇവർ പറഞ്ഞു. തെങ്ങും ,കശുമാവും,നശിപ്പിച്ചിരുന്ന കാട്ടാനകൾ ഇപ്പോൾ റബർ മരങ്ങളും നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ജനവാസ മേഖലയിലും കാർഷിക ഫാമിലും നാശം വിതയ്ക്കുന്ന കാട്ടാനകളെ മയക്കുവെടി വെച്ച് പിടിച്ച് ഉൾവനത്തിലോ മറ്റ് ആന സങ്കേതങ്ങളിലോവിടണമെന്ന ആവശ്യം ശക്തമാവുകയാണ്.