കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് വിദ്യാർത്ഥികളുടെ ഒന്നാം സെമസ്റ്റർ പരീക്ഷ നടത്തണം പാരലൽ കോളേജ് അസോസിയേഷൻ

12:20 PM Apr 23, 2025 | AVANI MV


കണ്ണൂർ: കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം വളർത്തുന്നതിൽ നിർണായക പങ്കു വഹിച്ച സമാന്തര മേഖലയിലെ വിദ്യാർത്ഥികളോട് 
കണ്ണൂർ സർവ്വകലാശാല കാണിക്കുന്ന അവഗണനക്കെതിരെ പാരലൽ കോളേജ് അസോ. പ്രക്ഷോഭമാരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.അധ്യയന വർഷം ഏതാണ്ട് കഴിഞ്ഞിട്ടും കണ്ണൂർ സർവ്വകലാശാല ഒന്നാംവർഷ പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർത്ഥികളുടെ ഒന്നാം സെമസ്റ്റർ പരീക്ഷ നടത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ട് പോലുമില്ല. 

റഗുലർ മേഖലയിലെ വിദ്യാർഥികളുടെ ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷ കഴിഞ്ഞ് ഫലം പ്രഖ്യാപിച്ചിട്ടും അതെ യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രൈവറ്റായി പഠിക്കുന്ന 1500 വിദ്യാർഥികൾക്ക് സമയബന്ധിതമായി പരീക്ഷകൾ നടത്താത്തതിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത് .ഇതേ നിലപാട് തുടർന്നാൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അണിനിരത്തി പ്രക്ഷോഭം നടത്തുമെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു 

രജിസ്ട്രേഷൻ ഫീസും പരീക്ഷാഫീസും ഉൾപ്പെടെ ഒരു വിദ്യാർത്ഥി പതിനാറായിരം രൂപ യൂണിവേഴ്സിറ്റി ഫീസിനത്തിൽ അടക്കുന്നുണ്ട്. എന്നാൽ വിദ്യാർത്ഥികൾക്ക് വേണ്ട കോൺടാക്ട് ക്ലാസ് , സ്റ്റഡി മെറ്റീരിയലൊന്നും നൽകാൻ സർവ്വകലാശാല അധികൃതർ തയ്യാറാകുന്നില്ല.ഓരോ സെമസ്റ്റർ പരീക്ഷ കഴിയുമ്പോഴും ഫലപ്രഖ്യാപനം അനന്തമായി നീളുന്നത് വിദ്യാർഥികളുടെ തുടർപഠനത്തിന് ഭീഷണിയാണ്. 35000 ൽപ്പരം വിദ്യാർത്ഥികൾ പ്രൈവറ്റായി പഠിച്ച കണ്ണൂർ സർവകലാശാലയിൽ നിലവിൽ കേവലം 1500 താഴെ മാത്രമാണ് വിദ്യാർഥികളുള്ളത്.

സർക്കാർ ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സ്ഥിതിയും അവതാളത്തിലാണ് ' ശ്രീനാരായണയിൽ പ്രവേശനം നേടിയ മൂന്നാം വർഷ വിദ്യാർത്ഥികളുടെ അഞ്ചാം സെമസ്റ്റർ പരീക്ഷയുടെ സിലബസ് പോലും ഇനിയും പ്രഖ്യാപിച്ചിട്ടില്ല. പരീക്ഷകളെന്ന് നടക്കുമെന്ന് അധികൃതർക്ക് ഒരുറപ്പുമില്ല.  വാർത്താസമ്മേളനത്തിൽ  അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ്കെ എൻ രാധാകൃഷ്ണൻ ,രക്ഷാധികാരി സി അനിൽകുമാർ , വൈസ് പ്രസി. എൻ വി പ്രസാദ്, അനന്തനാരായണൻ എന്നിവർ പങ്കെടുത്തു.