കണ്ണൂർ : ജില്ലയിലെ ചെറുപുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുണ്ടായ ചുഴലികാറ്റിലും മഴയിലും വ്യാപകനാശനഷ്ടം. പ്രാപ്പൊയിൽ, പാറോത്തുംനീർ, ഭൂദാനം ഭാഗങ്ങളിലാണ് കൂടുതൽ നാശമുണ്ടായത്. വീടുകൾക്കും കൃഷികൾക്കും നാശമുണ്ടായി. പാണ്ടിക്കടവിലെ പടിഞ്ഞാറെയിൽ ഷിബുവിന്റെ വീടിന് മുകളിൽ മരം വീണ് ഭാഗികമായി തകർന്നു.
പ്രാപ്പൊയിലിലെ ഹരിചന്ദ്രവിലാസം തങ്കരാജന്റെ ഏത്തവാഴകൾ കാറ്റിൽ ഒടിഞ്ഞു. പാറോത്തുംനീരിലെ ടി.വി. ഗംഗാധരൻ, പി.വി. വിജയൻ, എ.കെ. ഉദയഭാനു എന്നിവരുടെ റബ്ബർ, വാഴ, കവുങ്ങ്, റംബൂട്ടാൻ തുടങ്ങിയ കൃഷികളാണ് കാറ്റിൽ നശിച്ചത്. ഭൂദാനത്തെ റസീനാ യൂനസിന്റെ കോഴിഫാമും അതിനകത്ത് ഉണ്ടായിരുന്ന ഉപകരണങ്ങളും മരങ്ങൾ വീണ് നശിച്ചു.