കാഞ്ഞങ്ങാട് : മയക്കുമരുന്ന് കേസിൽ ഒളിവിൽ കഴിഞ്ഞ യുവാവ് സോഷ്യൽ മീഡിയയിൽ വിവാഹ ഫോട്ടോയുടെ പോസ്റ്റിട്ടതിനെ തുടർന്ന് എക്സൈസ് പൊക്കി '
പൈവെളിഗെ പഞ്ചായത്തിലെ പെര്‍മുദ കൂടാല്‍ മെര്‍ക്കളയിലെ എടക്കാന വിഷ്ണു കുമാറാണ്(34) വധൂഗൃഹത്തിൽ നിന്നും അറസ്റ്റിലായത്. ഒളിവില്‍ക്കഴിയവെ വിവാഹിതനായ ഇയാളുടെ ഫോട്ടോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കാനിടയായതോടെയാണ് എക്സൈസ് സംഘം പ്രതിക്കായി വല വിരിച്ചത്.
ഇയാള്‍ വിവാഹം കഴിച്ച യുവതിയുടെ മേല്‍വിലാസം കണ്ടെത്തിയ ശേഷം, എക്സൈസ് സംഘം ഇയാളെ ശക്തമായി നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടയില്‍ തന്നെ ഇയാള്‍ വീണ്ടും മയക്കുമരുന്ന് വിൽപ്പനയിൽ ഏര്‍പ്പെട്ടിരുന്നതായും സംഘം കണ്ടെത്തി. 2019, 21, 23 കാലങ്ങളില്‍ നിരവധി അബ്കാരി, എന്‍ഡിപിഎസ് കേസുകളിലെ പ്രതിയാണ് യുവാവ്.
എക്സൈസ് അധികൃതര്‍ ബേള ധര്‍ബത്തടുക്കയില്‍ യുവതിയുടെ വീട്ടിലെത്തി തിരച്ചില്‍ നടത്തിയപ്പോളാണ് കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ ഇയാള്‍ പതുങ്ങിയിരിക്കുന്നത് കണ്ടത്. ഇറങ്ങി ഓടാന്‍ മുതിര്‍ന്ന പ്രതിയെ ഉടന്‍ എക്സൈസ് സംഘം പിടികൂടുകയായിരുന്നു. പ്രതിയെ കാസർകോട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.