തലശ്ശേരിയിൽ നിർത്തിയിട്ട ലോറിയിൽ നിന്നും 14 ലക്ഷം കവർന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ

12:38 PM Apr 27, 2025 | Neha Nair

തലശേരി : നിർത്തിയിട്ട ലോറിയിൽ നിന്നും പതിനാല് ലക്ഷത്തോളം രൂപ കവർന്ന കേസിൽ ലോറിക്ലീനർ ഉൾപ്പെടെ രണ്ട് പേരെ തലശ്ശേരി ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. ലോറി ക്ലീനറായ വടക്കുമ്പാട് ശ്രീ നാരായണ സ്കൂളിനടുത്തുള്ള മീത്തലെ വടയിൽ ടി.കെ.ജറീഷ് (31) സഹായിയായ വടക്കുമ്പാട് പുതിയ റോഡിലെ ദയാലയത്തിൽ എം.സി.അഫ്നാസ് (34) എന്നിവരെയാണ് എസ്.ഐ.പ്രശോഭ് അറസ്റ്റ് ചെയ്തത്.

വടകര ചോളം വയലിലെ ആശാപുരത്ത് പ്രജീഷിന്റെ ഉടമസ്ഥതയിലുള്ള ഡി.ഡി. 01 എ. 9282 ലോറിയിലെ ഡ്രൈവറുടെ കേമ്പി നിൽ സൂക്ഷിച്ച പണമാണ് ഇതേ ലോറിയിലെ ക്ലീനറും സഹായിയും കൂടി ലോറിയുടെ ഗ്ലാസ് പൊളിച്ച് കവർച്ച നടത്തിയതായി കേസ്.

മുംബൈയിൽ കൊപ്ര വിറ്റ് കിട്ടിയ പണമാണ് ലോറിയിൽ സൂക്ഷിച്ചിരുന്നത്. മുംബൈയിൽ നിന്നും എത്തിയ ലോറി എരഞ്ഞോളിബൈപാസിനടുത്ത് നിർത്തിയിട്ടപ്പോഴാണ് പണം കവർന്നത്.