
കണ്ണൂർ : പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിൽ വിലക്കിയെന്ന വാർത്ത പരസ്യമായി തള്ളിപ്പറഞ്ഞു കൊണ്ട് പി.കെ ശ്രീമതി ടീച്ചർ രംഗത്തുവന്നു. തനിക്കെതിരെയുള്ള വാർത്ത മെനഞ്ഞെടുത്തതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി ടീച്ചർ വ്യക്തമാക്കി. കണ്ണൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പി.കെ ശ്രീമതി.
താൻ സെക്രട്ടറിയേറ്റിൽ പങ്കെടുക്കരുതെന്ന് ആരും പറഞ്ഞിട്ടില്ല കേരളത്തിലുള്ളപ്പോൾ സെക്രട്ടറിയേറ്റിൽ പങ്കെടുക്കും. മറിയം ധവ്ള പി.ബി അംഗമായ തിനെ തുടർന്ന് ഡൽഹി കേന്ദ്രീകരിച്ചാണ് താൻ ഇനി പ്രവർത്തിക്കുക. പാർട്ടി അഖിലേന്ത്യാ സെക്രട്ടറി ഈ കാര്യം പറഞ്ഞിട്ടുണ്ട്. കേരളത്തിലുണ്ടെങ്കിൽ അപ്പോൾ നടക്കുന്ന സെക്രട്ടറിയേറ്റ് യോഗങ്ങളിൽ പങ്കെടുക്കും. അതിൽ യാതൊരു വിലക്കുമില്ല ഈ വിഷയത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത് പൂർണമായും ശരിയാണ്.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മഹിളാ അസോസിയേഷൻ്റെ ഭാഗമായി പ്രവർത്തിക്കാനാണ് പാർട്ടി അഖിലേന്ത്യാ സെക്രട്ടറിയുടെ നിർദ്ദേശം. താൻ 19 ന് നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുത്തിരുന്നു. തന്നോട് ഈ വിഷയത്തിൽ കേരളത്തിൻ്റെ സമാദരണീയനായ മുഖ്യമന്ത്രിയോ മറ്റുള്ളവരോ ഒന്നും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി അങ്ങനെ പറഞ്ഞുവെന്ന് പ്രചരിപ്പിക്കുന്നവർ തന്നെയാണ് ഈ കാര്യം വ്യക്തമാക്കേണ്ടത്. തൻ്റെ സമൂഹമധ്യത്തിൽ അപമാനിക്കുന്നതിനാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത്.
കഴിഞ്ഞ 25ന് നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ താൻ പങ്കെടുത്തിട്ടില്ലെന്നും എർണാകുളത്തായതിനാൽ ഈ കാര്യം പാർട്ടി സംസ്ഥാന സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്നും പി.കെ ശ്രീമതി ടീച്ചർ പറഞ്ഞു. കഴിഞ്ഞ 19 ന് നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ക്ഷണിതാവായി പങ്കെടുത്ത പികെ ശ്രീമതി ടീച്ചറെ മുഖ്യമന്ത്രി വിലക്കിയെന്നായിരുന്നു വാർത്തകൾ ' ഇതു വിവാദമായതിനെ തുടർന്ന് അടിസ്ഥാനരഹിതമാണെന്ന് പി.കെ ശ്രീമതി തൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിരുന്നു.