
കൊട്ടിയൂർ: കൊട്ടിയൂർ വന്യജീവി സങ്കേതത്തിനുള്ളിലെ പാൽ ചുരത്തിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനം വകുപ്പ് അധികൃതർ അന്വേഷണമാരംഭിച്ചു. താഴെ പാൽചുരത്തിന്റെ എതിർഭാഗത്ത് ഉൾവനത്തിലെ വെള്ളച്ചാട്ടത്തിലാണ് കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഏകദേശം 30 വയസ്സ് പ്രായമുള്ള കൊമ്പനാണ് കഴിഞ്ഞ ദിവസം ചെരിഞ്ഞത്.
വെള്ളച്ചാട്ടത്തിന്റെ മുകൾഭാഗത്ത് നിന്നും കാൽ വഴുതി താഴേക്ക് വീണതാകാമെന്നാണ് വനം വകുപ്പ് അധികൃതരുടെ പ്രാഥമിക നിഗമനം. ആറളം വന്യജീവി സങ്കേതം അസിസ്റ്റൻറ് വാർഡൻ രമ്യ രാഘവൻ, ഫ്ലൈൻസ് സ്ക്വാഡ് ജയപ്രകാശ്, വെറ്റിനറി സർജൻ ഇല്യാസ് റാവുത്തർ, മാലൂർ വെറ്റിനറി സർജൻ ഡോക്ടർ റിനു എന്നിവർ ചേർന്ന് സ്ഥലത്തെത്തി പരിശോധന നടത്തി പോസ്റ്റ്മോർട്ടം പൂർത്തിയാക്കി. വൈദ്യുതി പ്രതിരോധ വേലി തകർത്ത് കൃഷിയിടത്തിലിറങ്ങുന്ന കാട്ടാനയാണ് ചെരിഞ്ഞത്.