മുഴപ്പിലങ്ങാട് ടൂറിസം പദ്ധതി ഉദ്ഘാടനം സിപിഎം ജില്ലാ സെക്രട്ടറി ക്ഷണിക്കാതെ പങ്കെടുത്തതിൽ നേതൃത്വം മറുപടി പറയണം : ബിജു ഏളക്കുഴി

11:20 AM May 05, 2025 | AVANI MV


തലശ്ശേരി: മുഖ്യമന്ത്രി പങ്കെടുത്ത മുഴുപ്പിലങ്ങാട് - ധർമ്മടം സമഗ്ര ബീച്ച് ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ട പൂർത്തീകരണം ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കേണ്ടവരുടെ ലിസ്റ്റിൽ ഇല്ലാതിരുന്നിട്ടും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് വേദിയിലെത്തിയ സംഭവത്തിൽ പാർട്ടി നേതൃത്വം മറുപടി പറയണമെന്ന് ബിജെപി കണ്ണൂർ സൗത്ത് ജില്ല അധ്യക്ഷൻ ബിജു ഏളക്കുഴി ആവശ്യപ്പെട്ടു. ഡിടിപിസി സംഘടിപ്പിച്ച ഉദ്ഘാടന പരിപാടിയിൽ പ്രാദേശിക സിപി എം നേതാവിന്റെ പേരാണ് ഉണ്ടായിരുന്നത് ഇത് മറികടന്നാണ് അവസാന നിമിഷം ജില്ലാ സെക്രട്ടറിയായ കെ. കെ. രാഗേഷ് വേദിയിലെത്തിയത്. 

പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പങ്കെടുത്തതിനെതിരെ പരസ്യമായി രംഗത്ത് വന്ന സിപിഎം നേതൃത്വം കെ കെ രാഗേഷിന്റെ സാന്നിധ്യത്തെ കുറിച്ച് മറുപടി പറയാൻ തയ്യാറാവണം.  പ്രാദേശിക നേതാവിനെ മാറ്റി കെ കെ രാഗേഷ് വേഭിയിലെത്തിയത് ഡിടിപിസിയുടെ അനുമതിയാണോ എന്ന് അധികൃതർ വ്യക്തമാക്കണം. 

അനുമതിയില്ലാതെ വേദിയിലെത്തി എന്തും വിളിച്ചു പറയുകയെന്നത് സിപിഎം നേതാക്കളുടെ ശൈലിയാണ് ' കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ യാത്ര അയപ്പ് ചടങ്ങിൽ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി. പി. ദിവ്യ അനുമതിയില്ലാതെ വേദിയിൽ കയറി ഭീഷണി മുഴക്കുകയും അത് എഡിഎമ്മിന്റെ മരണത്തിൽ കലാശിക്കുകയും ചെയ്തത് സമൂഹം ഇതുവരെ മറന്നിട്ടില്ല. സമാനരീതിയിൽ സിപിഎം നേതാക്കൾ ക്ഷണിക്കപ്പെടാതെ വേദികളിൽ എത്തുന്നത് നിയന്ത്രിക്കാൻ നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.