കണ്ണൂർ : ഭിന്നശേഷിക്കാരെ സാമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതും കഴിവുകള്‍ക്കൊത്ത് ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക് നയിക്കേണ്ടതും സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് എം വിജിന് എംഎല്‍എ പറഞ്ഞു. ഇന്‍സ്പയര്‍ എനേബിള്‍ ഇന്ത്യ, അക്കരെ ഫൗണ്ടേഷന് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി ജില്ലാതലത്തില്‍ സംഘടിപ്പിച്ച പത്തു ദിവസത്തെ സൗജന്യ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ.
പരിപാടിയില്‍ പങ്കെടുത്ത പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും എഐല്‍എ വിതരണം ചെയ്തു. ഇന്‍സ്പയര്‍ സ്ഥാപകന്‍ സി.എം ഉണ്ണികൃഷ്ണന് അധ്യക്ഷനായി. പേപ്പര്‍ ബാഗുകള്‍, കവറുകള്‍ തുടങ്ങിയ പരിസ്ഥിതി സൗഹൃദ ഉല്പന്നങ്ങളുടെ നിര്‍മാണത്തില്‍ പരിജ്ഞാനവും മാനവികതയും നല്കി, സ്വയം തൊഴില്‍ ആരംഭിക്കാന്‍ ശേഷിയുള്ളവരായി മാറ്റുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. പേപ്പര്‍ ബാഗുകളും കവറുകളും ഇതിനോടകംതന്നെ മസ്ക്കറ്റില്‍ വിപണി കണ്ടെത്തിക്കഴിഞ്ഞു. പിലാത്തറയില്‍ നടന്ന പരിപാടിയില്‍ റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ ജയചന്ദ്രന് സി.വി മുഖ്യാതിഥിയായി. പിലാത്തറ റോട്ടറി ക്ലബ്ബ് സെക്രട്ടറി സുനില്‍ കൊട്ടാരത്തില്‍, ക്യാപ്റ്റന്‍ വി.എം വിശ്വനാഥന്, സാമൂഹിക പ്രവര്‍ത്തക സരസ്വതി, അക്കരെ ഫൗണ്ടേഷന്റെ പ്രോജക്ട് മാനേജര്‍ മിസാബ്, റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സീനിയര്‍ പരിശീലകന് അഭിലാഷ് നാരായണന്, സറീന ബാനു, കെ.വി സനിക എന്നിവര്‍ സംസാരിച്ചു.