മോക്ക് ഡ്രില്ലില്‍ പങ്കുചേര്‍ന്ന് ജനം: കണ്ണൂർ ജില്ലയില്‍ 'ഓപ്പറേഷന്‍ അഭ്യാസ്' വിജയകരം

11:04 PM May 07, 2025 | Desk Kerala

കണ്ണൂർ : ആക്രമണങ്ങളില്‍ നിന്ന് സ്വയം രക്ഷയ്ക്കുള്ള മുന്നൊരുക്കം ലക്ഷ്യമിട്ട്  വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തിയ സിവില്‍ ഡിഫെന്‍സ് മോക്ക് ഡ്രില്‍, 'ഓപ്പറേഷന്‍ അഭ്യാസ്' ജില്ലയിലെ അഞ്ചിടങ്ങളില്‍ വിജയകരമായി സംഘടിപ്പിച്ചു.  

വൈകിട്ട് നാലുമണിയോടെ നഗരസഭാ അപകട സൈറണ്‍ മുഴക്കിയതോടെ തലശ്ശേരി കണ്ണിച്ചിറ ഗാര്‍ഡന്‍സ് അപ്പാര്‍ട്ട്‌മെന്റിലെ ജാസ്മിന്‍ ബ്ലോക്കിലാണ് ഷെല്‍ ആക്രമണവും തുടര്‍ന്ന് തീപിടുത്തവുമുണ്ടായാല്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങളുടെ മോക്ക്ഡ്രില്‍ നടന്നത്. പോലീസും, അഗ്നിശമന സേനയും, മെഡിക്കല്‍ ടീമുകളും സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തി.

ബ്ലോക്കിലെ താമസക്കാരെ ഒഴിപ്പിച്ചു. അപകടത്തില്‍പ്പെട്ടവരെയും മരണപ്പെട്ടവരെയും അഗ്നിശമനാ സേനാംഗങ്ങളും സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരും ചേര്‍ന്ന് ആംബുലന്‍സില്‍ തൊട്ടടുത്ത ആശുപത്രികളിലേക്ക് മാറ്റി. അപ്പാര്‍ട്ട്‌മെന്റിന് ചുറ്റുമുള്ളവര്‍ ആദ്യം പരിഭ്രാന്തരായെങ്കിലും ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ നടന്ന മോക്ഡ്രില്ലാണെന്ന് തിരിച്ചറിഞ്ഞതോടെ മോക്ക്ഡ്രില്ലിന്റെ ഭാഗമായ നടപടികളോട് സഹകരിച്ചു.  

തലശ്ശേരി തഹസില്‍ദാര്‍ എം വിജേഷിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പോലീസ് സംഘത്തിന് എസ് ഐമാരായ പ്രശോഭ്, ധനേഷ്, എ എസ് ഐ അഖിലേഷ് , സി പി ഓ മാരായ അരുണ്‍, ഷിജിന്‍ എന്നിവര്‍ നേതൃത്വം നല്‍കി, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര് സിവി ദിനേശന്‍, ബി ജോയി, നിഖില്‍ എന്നിവരാണ് അഗ്നിരക്ഷാ സംഘത്തില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നത്. 

തളിപ്പറമ്പ് എല്‍.ഐ.സി കോംപ്ലക്സ്, പരിശോധന, രക്ഷപ്പെടുത്തല്‍ എന്നിവ സംബന്ധിച്ച് സെന്റ് തെരേസാസ് സ്‌കൂളിലും ആളുകളെ ഒഴിപ്പിക്കല്‍ ഇരിട്ടി താലൂക്ക് സിവില്‍ സ്റ്റേഷനിലും നടന്നു. മോക്ക് ഡ്രില്ലിന്റെ ഭാഗമായി താത്കാലിക ആശുപത്രി പയ്യന്നൂര്‍ റവന്യു ടവറില്‍ സജ്ജമാക്കി. ഓപ്പറേഷന്‍ അഭ്യാസിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും റസ്‌പോണ്‍സിബിള്‍ ഓഫീസറും ജില്ലാ കലക്ടറുമായ അരുണ്‍ കെ വിജയന്‍ മേല്‍നോട്ടം വഹിച്ചു.