കണ്ണൂർ: കെ.പി.സി.സി സംസ്ഥാന അദ്ധ്യക്ഷ പദവിയിൽ കെ സുധാകരൻ തുടരണമെന്ന് ആവശ്യപ്പെട്ട് പയ്യന്നൂരിൽ വ്യാപക പോസ്റ്റർ - ഫ്ളക്സ് ബോർഡ് പ്രചരണം.വ്യാഴാഴ്ച്ച രാവിലെ പയ്യന്നൂർ ഭാഗത്താണ് ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചത് കോൺഗ്രസ് പോരാളികൾ പയ്യന്നൂർ എന്ന പേരിലാണ് ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്.നേതൃമാറ്റ ചർച്ചകൾക്കിടെ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ അനുകൂലിച്ച് തൃശ്ശൂരിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 'കോൺഗ്രസിനെ നയിക്കാൻ കേരളത്തിൽ കെ സുധാകരൻ' എന്നെഴുതിയ പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. തൃശ്ശൂർ കളക്ടറേറ്റ് പരിസരത്താണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം കെപിസിസി ഓഫീസിന് മുന്നിലും സുധാകരനെ അനുകൂലിച്ച് ഫ്ളക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിരുന്നു. 'കെ എസ് തുടരണം' എന്ന തലക്കെട്ടിലായിരുന്നു ബോർഡ്. 'കെ സുധാകരൻ തുടരട്ടെ, പിണറായി ഭരണം തുലയട്ടെ' എന്നാണ് ബോർഡിലെ വാചകം. കോൺഗ്രസിന് ഊർജ്ജം പകരാൻ ഊർജ്ജസ്വലതയുള്ള നേതാവെന്നും സുധാകരനെ പിന്തുണച്ച് ഫ്ളക്സിൽ എഴുതിയിട്ടുണ്ട്. കെഎസ്യുവിൻ്റെയും യൂത്ത് കോൺഗ്രസിന്റെയും പേരിലാണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം കണ്ണൂർ നഗരത്തിലും കെ.സുധാകരന് അനുകൂലമായി വ്യാപകമായി പോസ്റ്റർ പ്രചരണം നടന്നിരുന്നു.