+

സംസ്ഥാന തല ഹജ്ജ് ക്യാമ്പ് ഉദ്ഘാടനവും ഹജ്ജ് ഹൗസ് ശിലാസ്ഥാപനവും : ഒരുക്കങ്ങൾ പൂർത്തിയായതായി കെ.കെ ശൈലജ എം.എൽ എ

ഈ വർഷത്തെ ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനവും ഹജ്ജ് ഹൗസിൻറെ തറക്കല്ലിടലും മെയ് ഒൻപതിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് കെ.കെ. ശൈലജ എം.എൽ.എ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

കണ്ണൂർ :  ഈ വർഷത്തെ ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനവും ഹജ്ജ് ഹൗസിൻറെ തറക്കല്ലിടലും മെയ് ഒൻപതിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് കെ.കെ. ശൈലജ എം.എൽ.എ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് മൂന്നിന് കണ്ണൂർഅന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിക്കും. കേരളത്തിലെ  ഹജ്ജ് എംബർക്കേഷൻ കേന്ദ്രങ്ങളായ കോഴിക്കോട്, കൊച്ചി, കണ്ണൂർ ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനമാണ് വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നത്.  

വടക്കേ മലബാറിൻറെ ചിരകാല അഭിലാഷമായിരുന്നു കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി യാത്ര പുറപ്പെടാനുള്ള എംബർക്കേഷൻ പോയിൻറായി പ്രഖ്യാപിക്കുക എന്നത്. 2023ൽ ആ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടു. ഹജ്ജ് എംബർക്കേഷൻ ആരംഭിച്ച് രണ്ട് വർഷം പൂർത്തീകരിക്കപ്പെടുമ്പോൾ കണ്ണൂരിൽ ഹജ്ജ് യാത്രികർക്കായി ഹജ്ജ് ഹൗസ് നിർമിക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുകയാണ്.
 
കേരളം ഉയർത്തി പിടിക്കുന്ന മതസാഹോദര്യത്തിൻറെ ചരിത്രവും പാരമ്പര്യവും പൈതൃകവും ഇഴചേർന്ന മട്ടന്നൂരിൻറെ മണ്ണിൽ കാലാനുസൃതമായ മാറ്റങ്ങളോടെയും ആധുനിക സജ്ജീകരണങ്ങളോടെയും സജ്ജമാക്കുന്ന ഹജ്ജ് ഹൗസിന് വേണ്ടി  എയർപോർട്ടിൻറെ മൂന്നാം ഗേറ്റിനടുത്താണ് സംസ്ഥാന സർക്കാർ സ്ഥലം അനുവദിച്ചത്. ഇവിടെ ഹജ്ജ് കാലത്ത് ഹജ്ജ് യാത്രീകർക്കും മറ്റു സമയങ്ങളിൽ നാടിനും നാട്ടുകാർക്കും മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കും വിധം മൾട്ടി പർപ്പസ് ഹജ്ജ് ഹൗസ് നിർമിക്കാനാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയും സർക്കാരും തീരുമാനിച്ചിട്ടുള്ളത്. അതിന് സംസ്ഥാന സർക്കാർ ആറ് കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഹജ്ജ് എംബർക്കേഷൻറെ ആദ്യ വർഷമായ 2023ൽ 14 വിമാന സർവീസുകളിലായി 2030 ഹജ്ജ് യാത്രികരും 2024ൽ ഒമ്പത് വിമാന സർവീസുകളിലായി 3208 യാത്രക്കാരും ഹജ്ജ് കർമ്മത്തിനായി കണ്ണൂരിൽ നിന്നും യാത്ര പുറപ്പെട്ടിരുന്നു. 2025ൽ 28 വിമാന സർവീസുകളിലായി 4929 ഹജ്ജ് യാത്രികരാണ്  മേയ് 11 മുതൽ 29 വരെയായി കണ്ണൂർ വിമാനത്താവളത്തിൽ നിന്നും യാത്ര പുറപ്പെടുന്നത്.  ഇവർക്കായി 11 അസംബ്ലി നിയോജക മണ്ഡലങ്ങളിൽ  മൂന്ന് ഘട്ടങ്ങളിലായി സാങ്കേതിക പഠനക്ലാസുകളും നാല് പ്രധാന ഇടങ്ങളിലായി വാക്സിനേഷൻ ക്യാമ്പുകളും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി.

മേയ് 11 ന് കാലത്ത് നാലിന്  ഹജ്ജ് യാത്രികരുമായി ആദ്യ ഹജ്ജ് വിമാനം പുറപ്പെടും. മേയ് 29 ന് അവസാന വിമാനം പുറപ്പെടും. ഇക്കാലയളവിൽ ക്യാമ്പിൽ എത്തുന്ന ഹജ്ജാജികളെ സ്വീകരിക്കാനും അവർക്ക് ആവശ്യമായ സേവനങ്ങൾ ചെയ്യാനും സംഘാടകസമിതിയംഗങ്ങളും വളന്റിയർമാരും ക്യാമ്പിൽ സജീവമായി ഉണ്ടാവും.

ഉദ്ഘാടന ചടങ്ങിന് എത്തുന്ന  ജനങ്ങൾക്കായി അഞ്ചരക്കണ്ടി, കീഴല്ലൂർ റോഡ് എന്നിവിടങ്ങളിൽ നിന്ന് ഉച്ചക്ക് രണ്ട് മണി മുതലും മട്ടന്നൂർ ബസ് സ്റ്റാൻഡിൽ നിന്നും സൗജന്യ ബസ് സർവീസ് നടത്തും.  വാർത്ത സമ്മേളനത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി  അംഗം പി.പി. മുഹമ്മദ് റാഫി, ഷംസുദ്ദീൻ അരിഞ്ചിറ, സംഘാടകസമിതി വർക്കിങ് ചെയർമാനും മട്ടന്നൂർ മുനിസിപ്പൽ ചെയർമാനുമായ എൻ. ഷാജിത്ത്, മീഡിയ കമ്മിറ്റി ചെയർമാൻ ടി. ശബ്ന എന്നിവരും സംബന്ധിച്ചു.

facebook twitter