തീർഥാടനങ്ങൾ ഒത്തുചേരലിന്റെയും പാരസ്പര്യത്തിന്റെയും സന്ദേശം കൂടി പകരുന്നതാകണം : മുഖ്യമന്ത്രി

11:35 AM May 10, 2025 | Neha Nair

മട്ടന്നൂർ : ആത്മീയമായ പ്രകാശം ലഭിക്കുന്നതിനുള്ള യാത്രകൾ എന്നതിനപ്പുറം തീർഥാടനങ്ങൾ ഒത്തുചേരലിന്റെയും പാരസ്പര്യത്തിന്റെയും സന്ദേശം കൂടി പകർന്നു നൽകുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ വിമാനത്താവളത്തിൽ നിർമിക്കുന്ന ഹജ്ജ് ഹൗസിന്റെ ശിലാസ്ഥാപനവും ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  

ലോകത്തിന്റെ നാനാകോണുകളിൽ, വ്യത്യസ്‌ത ജീവിതസാഹചര്യങ്ങളിൽ ജീവിക്കുന്ന അനേകായിരം മനുഷ്യരാണ് ഓരോ തീർത്ഥാടന കേന്ദ്രത്തിലും ഒത്തുചേരുന്നതെനും അദ്ദേഹം പറഞ്ഞു. ആ ഒത്തുചേരലിന്റെ അന്തഃസത്ത ഉൾക്കൊണ്ട് വിദ്വേഷവും ഭേദചിന്തയും അകറ്റി മനുഷ്യരിൽ സാഹോദര്യവും സഹജാവബോധവും ഉൾച്ചേർക്കാനുള്ള മാർഗങ്ങൾ കൂടിയായി ഓരോ തീർത്ഥാടനവും മാറണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.  

അടുത്ത ഹജ്ജ് തീർത്ഥാടന കാലത്തിനു മുമ്പുതന്നെ ഈ ഹജ്ജ് ഹൗസിന്റെ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ബോർഡിങ് പാസ് വിതരണം രാമചന്ദ്രൻ കടന്നപ്പള്ളിയും യാത്രരേഖകളുടെ കൈമാറൽ കെ.കെ. ശൈലജ എം.എൽ.എയും നിർവഹിച്ചു.

Trending :