കണ്ണൂർ : നാടിൻ്റെ വിവിധ പ്രശ്നങ്ങൾ ചൂണ്ടികാട്ടിമലയാളത്തിന്റെ പ്രിയ എഴുത്തുകാരായ ടി പത്മനാഭനും എം മുകുന്ദനും മുഖാമുഖം പരിപാടിയിൽ ആശംസകളുമായെത്തി. ചരിത്രം ഉദിച്ചു പൊങ്ങി നിൽക്കുന്ന പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നതായി ടി പത്മനാഭൻ വേദിയെ അറിയിച്ചു. നിറഞ്ഞ കൈയ്യടികളോടെയാണ് വേദി അത് ഏറ്റുവാങ്ങിയത്.
സർക്കാർ പത്താം വാർഷികത്തിലേക്ക് കടക്കുന്നത് എല്ലാ മലയാളികളെയും ആവേശം കൊള്ളിക്കുന്നതായി എം മുകുന്ദൻ പറഞ്ഞു. സർക്കാർ 10 വർഷം തികയ്ക്കുന്ന സംസ്ഥാനത്തെ മുഴുവൻ പാവങ്ങൾക്കും ഒരു നേരത്തെ ഭക്ഷണം നൽകണമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം ശക്തിപെടുത്തുന്നതിന് സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും എം മുകുന്ദൻ ആവശ്യപ്പെട്ടു. ടൂറിസം രംഗം ശക്തിപ്പെടുത്തുമെന്നും എല്ലാ തരത്തിലുമുള്ള സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ നല്ല ജാഗ്രത ഉണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ പാവങ്ങൾക്കും ഒരു നേരം ഭക്ഷണം എന്നത് കോവിഡ് ഘട്ടത്തിൽ സർക്കാർ നടപ്പിലാക്കിയതാണ്. കോവിഡ് കാലത്ത് ഭക്ഷണം ലഭിക്കാത്ത ആളുകൾക്കെല്ലാം ഭക്ഷണം നൽകാൻ സാധിച്ചിട്ടുണ്ട്. പിന്നീട് അത്രത്തോളം ആവശ്യമായി വന്നിട്ടില്ല. ജനകീയ ഹോട്ടലുകളിൽ കാശില്ലാതെ ഭക്ഷണം ലഭ്യമാക്കുന്നത് സംബന്ധിച്ച് കൂടുതൽ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടന്ന മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽ എഴുനൂറിലധികം പേർ പങ്കെടുത്തു. ഇതിൽ തെരഞ്ഞെടുക്കപ്പെട്ട 16 പേർ മുഖ്യമന്ത്രിയുമായി സംവദിച്ചു. ജൂണിന് മുമ്പ് ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചോദ്യങ്ങൾക്ക് മറുപടിയായിപറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായ് 4500 ആപ്ത വളണ്ടിയർമാരും 6500 സന്നദ്ധ വളണ്ടിയർമാരുമുണ്ട്. ഇവർക്ക് പരിശീലനം നൽകുന്നതിന് പുറമേ യുവ ആപ്ത മിത്ര എന്ന പേരിൽ കമ്മ്യൂണിറ്റി വളണ്ടിയർമാരെ നിയമിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ പേരെ ഈ മേഖലയിൽ പരിശീലനം നൽകി സജ്ജരാക്കും. ഭൂരിഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അടിയന്തിര പ്രതികരണ സേനകൾ രൂപീകരിച്ചിട്ടുണ്ട്. ദുരന്ത സാധ്യതാ മുന്നറിയിപ്പ്, രക്ഷാപ്രവർത്തനം, പ്രഥമ ശുശ്രൂഷ, ക്യാമ്പ് മാനേജ്മെന്റ് എന്നീ നാല് മേഖലകളിൽ പരിശീലനം സിദ്ധിച്ച പത്ത് ആളുകൾ വീതമുള്ള സേനയെയാണ് രൂപീകരിച്ചിട്ടുള്ളത്. കേരളത്തിൽ 1054 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുണ്ട്. 10340 പേർക്ക് തുടർ പരിശീലനം നൽകിയിട്ടുണ്ട്. ഈ വർഷം ആശുപത്രി സുരക്ഷാ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. 1280 പൊതുമേഖലാ ആരോഗ്യ കേന്ദ്രങ്ങളിലെ രണ്ട് പ്രതിനിധികൾക്ക് വീതം 2500 പേർക്ക് പ്രത്യേക പരിശീലനം നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആദിവാസികളുടെ ആവാസ വ്യവസ്ഥകളുമായി ബന്ധപ്പെട്ട് ഉന്നതല ആദിവാസി ദുരന്ത നിവാരണ പദ്ധതി വഴി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രാദേശിക പങ്കാളിത്തത്തോടെ നിർമ്മിക്കുന്ന ചട്ടക്കൂട് അടിസ്ഥാനമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. നാട്ടറിവുകൾ കൂടി ഇതിനായി പ്രയോജനപ്പെടുത്തും. അടിയന്തിര ഘട്ടങ്ങളിൽ പെട്ടെന്ന് ഇടപെടുന്നത് പ്രാദേശികമായിട്ടുള്ള ആൾക്കാരാണ്. ശാസ്ത്രീയമായ പരിശീലനത്തിലൂടെ അധ്യാപകരെ ദുരന്ത പ്രതിരോധത്തിന് സജ്ജരാക്കാൻ ടീച്ചേഴ്സ് ബ്രിഗേഡും ഇപ്പോൾ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വന്യജീവി ശല്യം പൂർണമായും ഇല്ലാതാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഒൻപത് ആർ ആർ ടികൾ പുതുതായി രൂപീകരിച്ചിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള സെൻസർ വാളുകൾ, ക്യാമറ ട്രാപ്, അലാറം സിസ്റ്റം എന്നിവയും നടപ്പിലാക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ സഹകരണം കൂടി ഈ വിഷയത്തിൽ വേണ്ടത് ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാട്ടിലേക്കിറങ്ങുന്ന വന്യജീവികൾ പ്രധാന പ്രശ്നം തന്നെയാണ്. കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുക എന്നുള്ളതാണ് പ്രധാന മാർഗം.
നമ്മുടെ രാജ്യത്ത് ഇത്തരം ജീവികളെ കൊല്ലുന്നത് ശിക്ഷാർഹമാണ്. ഈ നിയമത്തിൽ അയവ് വരുത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്ന സമീപനമാണ് സംസ്ഥാന സർക്കാരിന്റെത്. കാട്ടുപന്നിയുടെ കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഈ പ്രശ്നത്തെ ഗൗരവമായിക്കണ്ട് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലുള്ള ജലാശയങ്ങൾ വൃത്തിയാക്കിയും പുതിയ മഴവെള്ള സംഭരണികൾ ഉണ്ടാക്കിയും സസ്യങ്ങൾ വളർത്തിയും അധിനിവേശ സസ്യങ്ങളെ ഉന്മൂലനം ചെയ്തും വന്യജീവികൾക്ക് അനുയോജ്യമായ ആവാസ വ്യവസ്ഥ കാടുകളിൽ ഒരുക്കും. വനങ്ങളിലെ 1436 കുളങ്ങളും 308 വാട്ടർ ഹോളുകളും വയലുകളും പുൽമേടുകളും ഇതിനോടകം തന്നെ പുനരുജ്ജീവിപ്പിച്ച് സംരക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്. മിഷൻ സോളാർ ഫെൻസിങ്ങിന്റെ ഭാഗമായി 848 കിലോമീറ്റർ സോളാർ ഫെൻസിങ്ങ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇതിനുപുറമേ 120 കിലോമീറ്റർ സോളാർ ഫെൻസിങ്ങ്, പത്ത് കിലോമീറ്റർ വേവ് ഫെൻസിങ്ങ്, 68 കിലോമീറ്റർ ആന കിടങ്ങ് ഇതൊക്കെ ഈ ഘട്ടത്തിൽ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശാസ്തീയ അറവുശാലകൾ ഉണ്ടാവുക എന്നുള്ളത് വളരെ പ്രധാനമാണ്. ശാസ്ത്രീയ അറവുശാലകൾ ഇല്ലാത്ത പ്രശ്നം സമൂഹത്തെ നന്നായി ബാധിക്കുന്നുണ്ട്. കൂടുതൽ ശാസ്ത്രീയ അറവുശാലകൾ നിർമ്മിക്കാൻ നേതൃത്വം കൊടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കാൻ ആറളം ഫാമിൽ സ്ഥലം അനുവദിക്കണമെന്ന ആവശ്യം പരിശോധിക്കും. ചെറിയ ഹോട്ടലുകൾക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് വേണമെന്നുള്ളത് കാലത്തിനനുസരിച്ചുള്ള മാറ്റമാണ്. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപങ്ങൾക്ക് ചെറിയതോതിലുള്ള കാര്യങ്ങൾക്ക് അംഗീകാരം കൊടുക്കാൻ സാധിക്കുമോ എന്ന നിർദേശം പരിശോധിക്കും.
ഫുട്ബോൾ രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയത്തിനുള്ള പ്രവർത്തനങ്ങൾ സർക്കാർ നീക്കിക്കൊണ്ടിരിക്കുകയാണ്. കായിക മന്ത്രിയുടെ പ്രത്യേക ശ്രദ്ധ ഇതിലുണ്ട്. സ്റ്റേഡിയങ്ങൾ വർധിപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്പോർട്സ് കോട്ടയിലൂടെ ജോലി ലഭിച്ചവർ സ്പോർട്സ് രംഗത്ത് തന്നെ പരിശീലകരായി വരുന്നത് ചർച്ച ചെയ്യും. എല്ലാ കുട്ടികളും നീന്തൽ പഠിക്കണം. നീന്തൽ പരിശീലനം കുട്ടികളുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സോഷ്യൽ മീഡിയയിലെ വർഗീയ പ്രചരണം ഗൗരവമായ പ്രശ്നമായാണ് കാണുന്നത്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ രംഗത്ത് നല്ല പിന്തുണ തന്നെയാണ് സർക്കാർ നൽകുന്നത്. ആവശ്യമായ സഹായവും പിന്തുണയും തുടർന്നും ലഭ്യമാക്കും. ഹരിത കർമ്മ സേനയുടെ ഇൻഷുറൻസുമായി ബന്ധപ്പെട്ട് പ്രത്യേകമായി പരിശോധിച്ചു നടപടി എടുക്കും.
തലശ്ശേരി ജില്ലാ കോടതിയിലെയും കണ്ണൂർ സെൻട്രൽ ജയിലിലേയും പുരാരേഖകൾ സംരക്ഷിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇതിലെ 284 ശുപാർശകളിൽ 155 എണ്ണം ഇതുവരെ നടപ്പാക്കിയിട്ടുണ്ട്. 11 ശുപാർശകൾ മന്ത്രിസഭ മുമ്പാകെ പോകേണ്ടതാണ്. ബാക്കിയുള്ള സംസ്ഥാന സർക്കാരിന് സ്വന്തമായി നടപ്പാക്കാൻ കഴിയുന്നവയല്ല. അത് കേന്ദ്രവുമായി ബന്ധപ്പെട്ട് തീരുമാനിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കുന്നതിന് ആറളം ഫാമിൽ സ്ഥലം എടുക്കുന്ന കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടി പദ്മനാഭൻ, എം മുകുന്ദൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, പണ്ഡിറ്റ് രമേശ് നാരായണൻ, പ്രൊഫ. യു.സി മജീദ്, കെ.കെ മാരാർ, പി.കെ മായിൻ മുഹമ്മദ് (വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ്), ഹോട്ടൽ റസ്റ്റോറന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി ബാലകൃഷ്ണ പൊതുവാൾ, യങ് എന്റ്ര്പ്രണർഷിപ്പ് ഫോറം ചെയർമാൻ നിർമ്മൽ നാരായണൻ, ആന്തൂർ നഗരസഭ ഹരിത കർമ്മസേന കൺസോർഷ്യം സെക്രട്ടറി ടി.വി സുമ, ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ടി.കെ രമേശ് കുമാർ, കാത്തലിക് കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ.ഫിലിപ്പ് കാവിയൽ, ഫുട്ബോൾ താരം ബിനീഷ് കിരൺ, കുസാറ്റ് ശാസ്ത്രഞ്ജൻ എം.ജി മനോജ്, മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ മുൻ എംഎഡി ഡോ പി.വി മോഹനൻ, കണ്ണൂർ യൂണിവേഴ്സിറ്റി ചെയർപേഴ്സൺ കെ ആര്യ എന്നിവർ മുഖാമുഖം പരിപാടിയിൽ മുഖ്യമന്ത്രിയോട് സംവദിച്ചു.