പയ്യന്നൂർ ടി.ഗോവിന്ദൻ അഖിലേന്ത്യാവോളി ഉദ്ഘാടനം തിങ്കളാഴ്ച

04:33 PM May 10, 2025 | AJANYA THACHAN

കണ്ണൂർ : പയ്യന്നൂർ സ്പോർട്സ് ആൻഡ് കൾച്ചറൽ ഡെവലപ്മെന്റ് അസോസിയേഷന്റെ രജത ജൂബിലി വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ടി.ഗോവിന്ദൻ അഖിലേന്ത്യാവോളി 2025ന്റെ ഉദ്ഘാടനം മെയ് 12ന് വൈകുന്നേരം ആറുമണിക്ക്  നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ നിർവഹിക്കും. ഉദ്ഘാടന ചടങ്ങിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ അടക്കം പങ്കെടുത്തിട്ടുള്ള പ്രമുഖ സ്പോർട്സ് താരങ്ങളും, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും. "ലഹരിയുടെ ഒളിയിടങ്ങളല്ല ഒരുമയുടെ കളിയിടങ്ങൾ തുറക്കട്ടെ" എന്നതാണ് ഇത്തവണത്തെ ടൂർണമെന്റിന്റെ മുദ്രാവാക്യം.

ഉദ്ഘാടന ദിവസത്തെ ആദ്യ മത്സരത്തിൽ പുരുഷ വിഭാഗത്തിൽ ഇന്ത്യൻ എയർഫോഴ്സ് ടീമും ഇൻകം ടാക്സ് ചെന്നൈയും തമ്മിൽ മത്സരിക്കും . രണ്ടാമത്തെ മത്സരത്തിൽ കൊച്ചിൻ കസ്റ്റമസ് ടീം, മുംബൈ സ്പൈക്കേസുമായി മത്സരിക്കും. മത്സരങ്ങളുടെ എല്ലാ ഒരുക്കങ്ങളും ഇതിനകം പൂർത്തിയായിട്ടുണ്ട്. വോളിബോൾ കോർട്ടിന്റെ നിർമ്മാണവും സ്കഫോൾഡ് ​ഗ്യാലറിയുടെ നിർമ്മാണവും പൂർത്തിയായിട്ടുണ്ട്. ഗാലറിയിൽ 6000ത്തിൽ അധികവും,കസേരകളിൽ 1500ഉം ആളുകൾക്ക് ഇരുന്ന് കളി കാണുവാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഗ്യാലറിയിലേക്ക് 7 ദിവസം പ്രവേശനത്തിനുള്ള സീസൺ പാസിന് 500 രൂപയാണ് ഈടാക്കുന്നത്. 

ദിവസേന കളികാണുന്നതിന് ചെയറിന് 300 രൂപയും ഗ്യാലറിക്ക് 100 രൂപയുമാണ് പ്രവേശനത്തിന് ഈടാക്കുന്നത്. ദമ്പതികൾക്ക് പ്രതേകമായി കളി കാണുന്നതിന് 850 രൂപ നിരക്കിൽ കൺസെഷൻ സീസൺ പാസ് അനുവദിക്കുന്നുണ്ട്. കുട്ടികൾക്ക് പ്രവേശനത്തിന് പ്രത്യേക പാസ് അനുവദിക്കുന്നുണ്ട്. കുട്ടികൾക്ക് കളി കാണുന്നതിനും മനസ്സിലാക്കുന്നതിനും വോളിബോളിൽ താല്പര്യം ജനിപ്പിക്കുന്നതിനും സഹായകരമാകും എന്ന് കരുതുന്നു. ചൊവ്വാഴ്ച മുതൽ വനിതാ ടീമുകൾ മത്സരത്തിനായി കോർട്ടിൽ ഇറങ്ങും. തിങ്കൾ മുതൽ ഞായർ വരെ പയ്യന്നൂർ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ലഡ്ഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം കാണാൻ സ്പോർട്സ് പ്രേമികളായ വലിയൊരു ജനാവലിയെ സംഘാടകസമിതി പ്രതീക്ഷിക്കുന്നുണ്ട്.

ടൂർണമെന്റിന്റെ സമാപന ദിവസമായ ഞായറാഴ്ച മുഖ്യാതിഥിയായി മുൻ കായിക മന്ത്രി ശ്രീ.ഇ.പി ജയരാജൻ പങ്കെടുക്കും. കളി കാണാൻ എത്തുന്നവരുടെ വാഹനങ്ങൾ   പാർക്ക് ചെയ്യുന്നതിന് വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിന് പുറമേ സ്റ്റേഡിയം പരിസരത്തുള്ള മറ്റു ഗ്രൗണ്ടുകളും പാർക്കിങ്ങിനായി സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ശ്രദ്ധേയമായ ടീമുകളാണ് പുരുഷ – വനിത വിഭാഗങ്ങളിൽ മത്സരിക്കുന്നത്. പുരുഷ വിഭാഗത്തിൽ മുംബൈ സ്‌പൈക്കേഴ്സ്, കസ്‌റ്റംസ്, ചെന്നൈ ഇൻകംടാക്‌സ്, ഇന്ത്യൻ എയർഫോഴ്സ്, കെഎസ്ഇബി, കേരള പൊലീസ് എന്നീ ടീമുകളും വനിതാ വിഭാഗത്തിൽ സൗത്ത് സെൻട്രൽ റെയിൽവെ, ബാങ്ക് ഓഫ് മഹാരാഷ്‌ട്ര, ഐസിഎഫ് ചെന്നൈ, കെഎസ്ഇബി എന്നീ ടീമുകളുമാണ് മാറ്റുരക്കുന്നത്. 

ഇന്ത്യയിലെ പ്രശസ്തരായ താരങ്ങളെല്ലാം  പയ്യന്നൂരിൽ എത്തുന്നുവെന്നത് ഇത്തവണത്തെ ടൂർണമെന്റിന്റെ പ്രത്യേകതയാണ്. ഒരേ സമയം ആറായിരം  പേർക്ക് ഇരുന്ന് കളി കാണാൻ സാധിക്കുന്ന തരത്തിൽ സ്‌കഫോൾഡ് ഗാലറി ഉൾപ്പെടെയുള്ള സംവിധാനമാണ് സ്റ്റേഡിയത്തിൽ ഒരുക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം ഏഴിന് മത്സരം തുടങ്ങും.  ടൂർണമെന്റിന്റെ വരവ് അറിയിച്ചു കൊണ്ട്  നൂറു കണക്കിന് ആളുകളെ അണിനിരത്തിയുള്ള വിളംബര ജാഥ ശനി വൈകിട്ട് നാലിന് പയ്യന്നൂർ സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ പരിസരത്തു നിന്നും  ‌വോളിബോൾ ടൂർണമെന്റ് നടക്കുന്ന സ്‌റ്റേഡിയത്തിലേക്ക് നടക്കും.