അമിത വേഗതയെടുത്തത് നാല് ജീവനുകൾ ; അപകട മരണത്തിൽ നടുങ്ങി പുന്നോൽ

10:25 AM May 12, 2025 | Neha Nair

തലശേരി : തലശേരി - വടകര ദേശീയപാതയിൽ ഇന്നോവകാറും ട്രാവലറും കൂട്ടിയിടിച്ച് നാല് പേർ കൊല്ലപ്പെട്ടത് മാഹി പുന്നോൽ പ്രദേശത്തെ നടുക്കി. അവധി ദിനമായ ഞായറാഴ്ച്ച വൈകിട്ടാണ് നാടിനെ ദുരന്തവാർത്ത തേടിയെത്തിയത്. വടകര ദേശീയപാതയിൽ മൂരാട് പാലത്തിനു സമീപമായിരുന്നു അപകടം. പുന്നോൽ സ്വദേശികളായ റോജ, ജയവല്ലി, മാഹി സ്വദേശി ഷിജിൻലാൽ, കുഞ്ഞിപ്പള്ളി സ്വദേശി രഞ്ജി എന്നിവരാണ് മരിച്ചത്.

കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വടകര രജിസ്ട്രേഷനുള്ള കാറും കർണാടക രജിസ്ട്രേഷനുള്ള ട്രാവലർ വാനുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ചേതമംഗലം സ്വദേശി സത്യന് ഗുരുതരമായി പരുക്ക് പറ്റിയിട്ടുണ്ട്.പെട്രോൾ പമ്പിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ കാറിൽ അമിത വേഗത്തിലെത്തിയ ടെമ്പോ ട്രാവലർ ഇടിക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികൾ നൽകുന്നവിവരം.

അപകടത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. കാർ പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ സമീപത്തെ സഹകരണ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും നാല് പേർ മരിച്ചിരുന്നു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.