കണ്ണൂർ : മണ്ണ് പൊലിച്ച് മാനം പൊലിച്ച് മനം പൊലിച്ച് നാടിന്റെ താളം. തെയ്യക്കോലങ്ങൾ.. നിറഞ്ഞാടി കരിങ്കാളി. താളം ചേർത്ത് തകിലും ചെണ്ടയും. പാട്ടുകൊണ്ട് ആറാടി പ്രസീത ചാലക്കുടിയും. "ആടാട് ആടാട് ആടാടമ്മേ "പാടിത്തുടങ്ങിയപ്പോൾ തന്നെ കണ്ണൂർ പോലീസ് മൈതാനിയിൽ കൂടി നിന്ന ജനക്കൂട്ടം ആവേശത്തിന്റെ കൊട്ടിക്കയറ്റത്തിലായി. കഎന്റെ കേരളം പ്രദർശന മേളയിലാണ് പ്രസീത ചാലക്കുടിയുടെ തൃശ്ശൂർ പതി ഫോക് ബാൻഡ് നാടൻ പാട്ടിന്റെ പാട്ടുകളം ഒരുക്കിയത്.
പാലാപ്പള്ളിയും പുള്ളേറാങ്കുമായും കാണികളെ ആവേശത്തിന്റെ കൊട്ടിക്കയറ്റത്തിൽ നിർത്തിയപ്പോൾ കേക്കണോ പ്രിയ കൂട്ടരേയുമായി പ്രസീത ആവേശത്തിന്റെ കൊടുമുടി കയറ്റി. ഇരുപത് പേരടങ്ങുന്ന തൃശ്ശൂർ പതി ഫോക് ബാൻഡ് നയിച്ച സംഗീത നിശയാണ് പ്രേക്ഷക മനസ്സിൽ നാടൻപാട്ടിന്റെ കളിക്കളമൊരുക്കിയത്.
കൗമാരക്കാർ മുതൽ പ്രായമായവരുൾപ്പെടെ എല്ലാ പ്രായക്കാരും ഈ സംഗീത യാത്രയിൽ പങ്കാളികളായി. മധ്യകേരളത്തിന്റെ മണ്ണിൽ നിന്നു മുളച്ച അനുഷ്ഠാനകലാരൂപങ്ങളെ കോർത്തിണക്കിക്കൊണ്ട് നാടൻ പാട്ടിനെ, അതിന്റെ കാതലായ മനോഹാരിതയോടൊപ്പം പാശ്ചാത്യവാദ്യങ്ങളെ ഉപയോഗിച്ച് ആധുനിക താളത്തിലേക്ക് കാണികളെ ലയിപ്പിച്ച ഈ പരിപാടി കണ്ണൂരിനെ ആവേശക്കടലിലാക്കി. മണിക്കൂറുകളോളം നിലക്കാതെ നീണ്ടുനിന്ന ഈ സംഗീത- ദൃശ്യ വിരുന്നിന് തങ്ങളുടേതായ മാധുര്യം കൂട്ടിച്ചേർത്തപ്പോൾ പ്രേക്ഷകരുടെ കൈയ്യടികൾക്ക് ഇടവേളയില്ലായിരുന്നു.