കണ്ണൂർ : കണ്ണൂർ പൊലീസ് മൈതാനിയിൽ സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷ പരിപാടിയിൽ അധിനിവേശ ശക്തികളെ അടിയറവ് പറയിപ്പിച്ച കളരിക്കരുത്തിന്റെ ചരിത്രഗാഥകൾ കോർത്തിണക്കി പയ്യമ്പള്ളി കളരി സംഘത്തിന്റെ കളരിപ്പയറ്റ് അരങ്ങിലെത്തി.
5000 വർഷം പഴക്കമുള്ള ആയോധന കലയുടെ തനിമ ഒട്ടും കുറയാതെ പി ദിനേശൻ ഗുരുക്കളുടെ നേതൃത്വത്തിൽ18 അഭ്യാസികൾ വേദിയിൽ അങ്കം കുറിച്ചു.
വന്ദനത്തോടുകൂടി ആരംഭിച്ച കളരി ഒറ്റപ്പയറ്റ്, വാൾ പയറ്റ്, കത്തി പയറ്റ്,കുന്ത പയറ്റ്, വാളും പരിചയും, ഉറുമി, കോൽ താരി, ചെറുവടി പയറ്റ്, കുറുവടി പയറ്റ് എന്നീ അഭ്യാസമുറകൾ വിസ്മയ കാഴ്ചയായി മാറി. 1934 ൽ ശ്രീ മുകുന്ദൻ ഗുരുക്കളാൽ സ്ഥാപിതമായ കളരി അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം എംജിഎസ് കളരി സംഘമായി രൂപം കൊള്ളുകയും കളരി പരിശീലനം തുടർന്നു പോകുകയും ചെയ്യുകയാണ്.
തെക്കൻ ശൈലി പിന്തുടരുന്ന എം ജി എസ് കളരി സംഘം കണ്ണൂർ ജില്ലാ കളരിപ്പയറ്റിൽ ഓവറോൾ ചാമ്പ്യന്മാരായിട്ടുണ്ട്.