കണ്ണപുരം ചുണ്ട ബഡ്‌സ് സ്‌കൂൾ കേരളത്തിലെ ഏറ്റവും മികച്ച ബഡ്‌സ് സ്‌കൂൾ : മന്ത്രി എം.ബി രാജേഷ്

11:05 AM May 14, 2025 | Neha Nair

കണ്ണപുരം : ചുണ്ട ബഡ്‌സ് സ്‌കൂൾ കേരളത്തിലെ ഏറ്റവും മികച്ച ബഡ്‌സ് സ്‌കൂൾ ആണെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കണ്ണപുരം ചുണ്ട ബഡ്‌സ് സ്‌കൂളിന്റെ ഒന്നാം നില കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും മികച്ച അടിസ്ഥാന സൗകര്യ വികസനം ഇവിടെയുണ്ട്. സൗകര്യങ്ങളിൽ മാത്രമല്ല ഈ സ്‌കൂൾ മികച്ചു നിൽക്കുന്നത്.

Trending :

മന്ത്രിയെ ബാൻഡ് മേളത്തിലൂടെ സ്വാഗതം ചെയ്ത ചുണ്ട ബഡ്‌സ് സ്‌കൂളിലെ കുട്ടികളെയും പരിശീലകരെയും ടീച്ചർമാരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ചുണ്ട ബഡ്‌സ് സ്‌കൂൾ മറ്റ് ബഡ്‌സ് സ്‌കൂളുകൾക്ക് മാതൃകതയാണെന്നും മന്ത്രി പറഞ്ഞു. മെയ് 22 മുതൽ 25 വരെ പഴയങ്ങാടിയിൽ  നടക്കുന്ന കല്ല്യാശ്ശേരി സോക്കർ ലീഗ് എംഎൽഎ കപ്പ് സെവൻസ് ഫുട്‌ബോളിന്റെ ഓൺലൈൻ പോസ്റ്റർ പ്രകാശനവും മന്ത്രി നിർവഹിച്ചു. എം. വിജിൻ എംഎൽഎ അധ്യക്ഷനായി.

കണ്ണൂർ ജില്ലാപഞ്ചായത്ത് മുഖാന്തിരം ഇന്ത്യൻ ഓയിൽ കോർപറേഷന്റെ 65 ലക്ഷം രൂപയുടെ പൊതുനന്മ ഫണ്ടുപയോഗിച്ചാണ് കെട്ടിടത്തിന്റെ ഒന്നാം നില നിർമിച്ചിട്ടുള്ളത്. കമ്പ്യൂട്ടർ റൂം, ക്ലാസ്മുറികൾ, തൊഴിൽ പരിശീലനകേന്ദ്രം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി, കുടുംബശ്രീ ജില്ലാമിഷൻ ഡി എം സി എം.വി ജയൻ എന്നിവർ മുഖ്യാതിഥികളായി.

കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രതി, വൈസ് പ്രസിഡന്റ് എം. ഗണേശൻ, കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ പ്രേമ സുരേന്ദ്രൻ, കണ്ണപുരം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എ.വി പ്രഭാകരൻ, വാർഡ് മെമ്പർ ഒ.വി വിജയൻ, കണ്ണപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി. ബാബുരാജ്, കെ സി സി പി എൽ എംഡി ആനക്കൈ ബാലകൃഷ്ണൻ, കെ.വി രാമകൃഷ്ണൻ, ടി.വി പവിത്രൻ, വി. സുനില, എ. കൃഷ്ണൻ, ഇ. നീതു തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.