മെയ് 20ന് ദേശീയ പണിമുടക്ക് വിജയിപ്പിക്കും : 16 ന് കണ്ണൂരിൽ തൊഴിലാളി കൺവെൻഷൻ

03:47 PM May 14, 2025 | AVANI MV

കണ്ണൂർ : നരേന്ദ്രമോദി ഭരണം കാരണം രാജ്യത്തെ തൊഴിലാളികളുടെ ജീവിതം നരകതുല്യമാണെന്ന് സംയുക്ത ട്രേഡ് യൂനിയൻ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ മെയ് 20ന് നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുമെന്ന് യു.ഡി.എഫ്.ടി ജില്ലാ  നേതാക്കൾ അറിയിച്ചു.

നിലവിലെ 29 തൊഴിൽ നിയമങ്ങൾക്ക് ബദലായി രൂപീകരിച്ചിരിക്കുന്ന നാല് ലേബർ കോഡ് റദ്ദ് ചെയ്യുക, ആധുനിക അടിമത്വ സമ്പ്രദായമായ നിയമവിരുദ്ധ തൊഴിലാളി കരാർ വൽക്കരണവും പുറംകരാർ തൊഴിൽ നൽകൽ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പൊതുമണിക്ക് നടത്തുക.

പണിമുടക്ക് ദിവസം എല്ലാ മണ്ഡലങ്ങളിലും തൊഴിലാളികൾ പ്രകടനവും പ്രതിഷേധ പൊതുയോഗവും നടത്തും. ഇതിൻ്റെ ഭാഗമായി 16ന് വൈകിട്ട് നാലു മണിക്ക് കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രവർത്തക കൺവൻഷൻ കെ.സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. ആയിരത്തോളം പേർ കൺവെൻഷനിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. കേന്ദ്ര സർക്കാരിനെ പ്പോലെ തന്നെ കേരളം ഭരിക്കുന്ന പിണറായി സർക്കാരും തൊഴിലാളി ദ്രോഹ നയങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് സി.ഐ ടി യു വിനെ ഒഴിവാക്കി യു.ഡി.എഫ്.ടി യെന്ന വേദി രൂപീകരിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ എം എം കരീം (എസ്.ടി.യു) ഡോ. ജോർജ് ജോസഫ് പ്ളാത്തോട്ടം വി.എൻ അഷ്റഫ്, പി.പി രൂപേഷ് എന്നിവർ പങ്കെടുത്തു.