കണ്ണൂരിൽ സണ്ണി ജോസഫിന് ഉജ്ജലസ്വീകരണം

09:25 AM May 17, 2025 | AVANI MV


കണ്ണൂര്‍: കെ പി സി സി പ്രസിഡന്റായി ചുമതലയേറ്റെടുത്ത ശേഷം ആദ്യമായി കണ്ണൂരിലെത്തിയ കെ പി സി സി പ്രസിഡന്റ് അഡ്വ., സണ്ണിജോസഫ് എംഎല്‍എക്ക് പ്രൗഢോജ്വല സ്വീകരണം. കോഴിക്കോട് നിന്നും എഗ്മോര്‍ ട്രെയിനില്‍ നിശ്ചിത സമയത്തിനും അരമണിക്കൂര്‍ വൈകി എത്തിയ ട്രെയിനില്‍ നിന്നും കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയ സണ്ണിജോസഫിനെ വരവേല്‍ക്കാന്‍ നേതാക്കളും നൂറുക്കണക്കിന് പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു.

കെ എസിന്റെ പിന്‍ഗാമി സണ്ണിജോസഫിന് കണ്ണൂരിന്റെ മണ്ണിലേക്ക് സ്വാഗതം എന്ന മുദ്രാവാക്യവുമായാണ് കോണ്‍ഗ്രസിന്റെയും യുവ- വിദ്യാര്‍ത്ഥി, മഹിളാ കോണ്‍ഗ്രസ്, പോഷക സംഘടനാ നേതാക്കളും പ്രവര്‍ത്തകരും സ്വീകരിക്കാനെത്തിയിരുന്നു. സണ്ണിജോസഫിന്റെയും കെ സുധാകരന്റെയും പ്ലക്കാര്‍ഡുകളുമേന്തിയും സേവാദള്‍ പ്രവര്‍ത്തകരുടെ വലയത്തിലൂടെ റെയില്‍വെ സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ പ്രവര്‍ത്തകരുടെ ആവേശം നിറഞ്ഞ മുദ്രാവാക്യവും മൂവര്‍ണ ബലൂണ്‍ ഉയര്‍ത്തിയും ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെ കണ്ണൂരിന്റെ രാജവീഥിയിലൂടെ തുറന്ന വാഹനത്തില്‍ നഗരം ചുറ്റി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയിലേക്ക് അടിവെച്ചടിവെച്ച് നീങ്ങി.  നൂറുക്കണക്കിന് പ്രവര്‍ത്തകരാണ് പ്രിയ നേതാവിന് അഭിവാദ്യമര്‍പ്പിക്കാനായി എത്തിയത്.

ട്രെയിനില്‍ നിന്നും ഇറങ്ങിയ സണ്ണിജോസഫിനെ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ത്രിവര്‍ണ ഷാള്‍ അണിയിച്ചാണ് സ്വീകരിച്ചത്. കോണ്‍ഗ്രസിന്റെ ജില്ലയിലെ പ്രമുഖ നേതാക്കളായ വി എ നാരായണന്‍, സോണി സെബാസ്റ്റ്യന്‍, പി ടി മാത്യു, കെ പ്രമോദ്, ചന്ദ്രന്‍ തില്ലങ്കേരി,കെ പി സാജു, രാജീവന്‍ എളയാവൂര്‍, മുഹമ്മദ് ബ്ലാത്തൂര്‍, എം പി ഉണ്ണികൃഷ്ണന്‍, റിജില്‍മാക്കുറ്റി, സജീവ് മാറോളി, ജോഷി കണ്ടത്തില്‍, എം പി വേലായൂധന്‍, വിജില്‍ മോഹനന്‍, എം സി അതുല്‍, ശ്രീജ മഠത്തില്‍, ഡപ്യൂട്ടി മേയര്‍ അഡ്വ. പി ഇന്ദിര തുടങ്ങി ജില്ലയിലെ പ്രമുഖരായ നേതാക്കള്‍ കെ പി സി സി പ്രസിഡന്റിനെ സ്വീകരിക്കാനെത്തിയിരുന്നു.