ആദിവാസി യുവതി രേഷ്മയുടെ മരണം കൊലപാതകം:15 വർഷത്തിന് ശേഷം പ്രതി ബിജു പൗലോസ് അറസ്റ്റിൽ

01:36 PM May 17, 2025 |




ചെറുപുഴ: രാജപുരം എണ്ണപ്പാറ മൊയോലത്ത് നിന്നും പതിനഞ്ച് വര്‍ഷം മുമ്പ് കാണാതായ രേഷ്മയെന്ന ആദിവാസി യുവതിയെ കൊലപ്പെടുത്തിയതാണെന്ന് പൊലിസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽസ്ഥിരീകരിച്ചു. ഇതോടെ പ്രതി പാണത്തൂര്‍ സ്വദേശിയായ ബിജു പൗലോസിനെ അറസ്റ്റ് ചെയ്തു.2010ജൂണ്‍ 6നാണ് കാഞ്ഞങ്ങാട് നഗരത്തില്‍ ടീച്ചേഴ്‌സ് ട്രെയ്‌നിങ് സെന്ററില്‍ പഠനം നടത്തുകയായിരുന്ന രേഷ്മയെ കാണാതായത്. രേഷ്മയുടെ പിതാവ് അമ്പലത്തറ പൊലിസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

പാണത്തൂര്‍ ബാപ്പുങ്കയം സ്വദേശിയായ ബിജു പൗലോസ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി അപായപ്പെടുത്തി എന്നാരോപിച്ച് ബന്ധുക്കളും ആദിവാസി സംഘടനകളും സമരം നടത്തി. പോലിസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് 2021ല്‍ കുടുംബം ഹൈക്കോടതിയില്‍ ഹരജി നല്‍കി. പക്ഷേ, പ്രത്യേക സംഘം കേസ് അന്വേഷിക്കട്ടെയെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.

ബേക്കല്‍ ഡിവൈഎസ്പി സി കെ സുനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. അന്വേഷണത്തിന്റെ ഭാഗമായി ബിജു പൗലോസിനെ പോലിസ് ചോദ്യം ചെയ്തു. രേഷ്മയെ കൊന്ന് പുഴയില്‍ ഇട്ടെന്നാണ് ബിജു മൊഴി നല്‍കിയത്. പക്ഷേ, തെളിവുകളൊന്നും ലഭിച്ചില്ല. സാക്ഷികളെയും കണ്ടെത്താനായില്ല. അതിനാല്‍, പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നാണ് പോലിസ് കോടതിയില്‍ റിപോര്‍ട്ട് നല്‍കിയത്. ബിജു പൗലോസാവട്ടെ ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യവും നേടി.

 പ്രത്യേക സംഘത്തിന്റെ അന്വേഷണം തൃപ്തികരമെല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് 2024ല്‍ ഡിസംബറില്‍ കുടുംബം വീണ്ടും ഹൈക്കോടതിയില്‍ ഹരജി നല്‍കി. തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചത്. ക്രൈംബ്രാഞ്ച് നോര്‍ത്ത് സോണ്‍ ഐജി പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. അജാനൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കാണപ്പെട്ട രേഷ്മയെ പുഴയില്‍ തള്ളിയെന്നാണ് ബിജു അന്വേഷണ സംഘത്തിനു മൊഴി നല്‍കിയത്. എന്നാല്‍, മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. രേഷ്മയെ കാണാതായ സമയത്ത് പുഴയിലൂടെ ഒരു യുവതിയുടെ മൃതദേഹം ഒഴുകിയെത്തിയിരുന്നു. അജ്ഞാത മൃതദേഹമെന്ന നിലയില്‍ സംസ്‌കരിക്കുകയും ചെയ്തിരുന്നു. അഞ്ജാത മൃതദേഹം സംസ്‌കരിച്ച സ്ഥലത്ത് നിന്ന് ശേഖരിച്ച ഒരു എല്ലിന്‍ കഷ്ണത്തില്‍ ഡിഎന്‍എ പരിശോധന നടത്തിയാണ് അത് രേഷ്മയുടേതാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.