കണ്ണൂരിൽ കിടപ്പു രോഗിയായ മുത്തശ്ശി പെ അതിക്രൂരമായി മർദ്ദിച്ച കൊച്ചുമകൻ താമസിക്കുന്ന വീടും കാറും അജ്ഞാത സംഘം അടിച്ചു തകർത്തു

04:12 PM May 19, 2025 | AVANI MV

കണ്ണൂർ :പയ്യന്നൂർ പൊലിസ് സ്റ്റേഷൻ പരിധിയിലെ കണ്ടങ്കാളിയിൽ കിടപ്പു രോഗിയായ വയോധികയെ അതിക്രൂരമായി മർദ്ദിച്ചു പരുക്കേൽപ്പിച്ച കൊച്ചുമകൻ താമസിക്കുന്ന വീടും കാറും അജ്ഞാത സംഘം അടിച്ചു തകർത്തു. കണ്ടങ്കാളി സോമേശ്വര ക്ഷേത്രത്തിനടുത്തെ റിജു വിൻ്റെ വീടും കാറുമാണ് തിങ്കളാഴ്ച്ച പുലർച്ചെ അജ്ഞാത സംഘം അടിച്ചു തകർത്തത്. 

മർദ്ദനമേറ്റ 88 വയസുകാരിയായ മണിയറ കാർത്യായനി അതീവ ഗുരുതരാവസ്ഥയിൽ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. സ്വത്ത് ഭാഗം വയ്ക്കുന്നതിലെ തർക്കവും കൂടെ താമസിക്കുന്നതിൻ്റെ വൈരാഗ്യവുമാണ് മദ്യ ലഹരിയിലെത്തിയ റിജുവിനെ അതിക്രൂരമായി വയോധികയെ മർദ്ദിക്കാൻ കാരണമായത്. കേസിൽ പ്രതിയായതിനെ തുടർന്ന് ഇയാൾ ഒളിവിലാണ്. പയ്യന്നൂർ പൊലിസ് പ്രതിക്കായി അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇയാൾ താമസിക്കുന്ന വീടിന് നേരെ അക്രമം നടന്നത്. ഹോം നഴ്സസ് അമ്മിണി രാധാകൃഷ്ണൻ്റെ പരാതിയിലാണ് പയ്യന്നൂർ പൊലിസ് കേസെടുത്തത്. കഴിഞ്ഞ മെയ് 11 ന് രാത്രിയാണ് വയോധിക അക്രമിക്കപ്പെട്ടത്. 

തലചുമരിലിടിച്ചും കൈകൾ തല്ലിയൊടിക്കുകയുമായിരുന്നു. ഇതിനു ശേഷം ഒളിവിൽ പോയ പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതിയെ പിടികൂടാത്ത പൊലിസ് നടപടിയിൽ പ്രദേശവാസികൾക്കിടെയിൽ കടുത്ത പ്രതിഷേധമുണ്ടായിരുന്നു.