കൂത്തുപറമ്പ് : നാലു ദിവസം മുൻപ് മസ്കറ്റിലെ താമസസ്ഥലത്ത് അപകടത്തിൽ മരിച്ച കോട്ടയം ആറാം മൈൽ സ്വദേശികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് സംസ്കരിച്ചു. ആറാം മൈൽ ടൗണിൽ ഓട്ടോ റിക്ഷ സ്റ്റാൻഡിന് പിൻവശത്തെ ജാൻ ഹൗസിൽ വി. പങ്കജാക്ഷന്റെയും കെ.സജിതയുടെയും മൃതദേഹങ്ങളാണ് കണ്ണൂർ വിമാനതാവള മാർഗം നാട്ടിലെത്തിച്ചത്.
ഇന്ന് രാവിലെ 11 മുതൽ 11.30 വരെ ആറാം മൈൽ ടൗണിലെ ജാൻ കോംപ്ലക്സിൽ പൊതു ദർശനത്തിനു ശേഷം 12ന് സമീപത്തെ വീട്ടുവളപ്പിൽ സംസ്കാരം നടത്തി. മാങ്ങാട്ടിടം കിരാച്ചി സ്വദേശിയായ പങ്കജാക്ഷനും ആറാം മൈൽ സ്വദേശിനിയായ കുഞ്ഞിപ്പറമ്പത്ത് വീട്ടിൽ കെ.സജിതയും ഏറെക്കാലമായി മസ്കത്തിൽ വിവിധ കമ്പനികളിൽ അക്കൗണ്ടൻ്റ്മാരായി ജോലി ചെയ്തു വരികയായിരുന്നു. ഇവർ താമസിച്ച കോംപ്ലക്സിൽ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കെട്ടിടം തകർന്നാണ് ഇവർ മരിച്ചത്. ഈക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അപകടം നടന്നത്.