ഇരിട്ടി : ഇരിട്ടി നഗരഹൃദയത്തിലെ വിവ ഗോൾഡിൽ നിന്നും 2023ൽ സ്വർണ്ണമാല തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയെ പിടികൂടി. സ്വർണം വാങ്ങാനെന്ന വ്യാജേന രണ്ടു പേർ ജ്വല്ലറിയിൽ എത്തി സ്വർണം തട്ടിയെടുത്ത് ഓടുകയായിരുന്നു. തുടർന്ന് തമിഴ്നാട് കൃഷ്ണഗിരി സ്വദേശി അസർ അബ്ബാസിനെ നേരത്തെ ഇരിട്ടി പൊലീസ് പിടികൂടിയിരുന്നു. പിന്നീട് ഇരിട്ടി പോലീസ് നടത്തിയ തുടർ അന്വേഷണത്തിലാണ് പ്രധാന പ്രതിയായ മുഹമ്മദ് ഹുസൈനെ അറസ്റ്റ് ചെയ്തത്.
സംഭവത്തിന് ശേഷം മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു പ്രതി. വിവിധ ഭാഷകൾ സംസാരിക്കുന്ന ഇയാൾ ബെൽറ്റ്, തൊപ്പി, കൂളിംഗ് ഗ്ലാസ് എന്നിവയുടെ വിൽപ്പന നടത്തി വരികയായിരുന്നു.
ഇരിട്ടി സി.ഐ എ.കുട്ടിക്കൃഷ്ണൻ്റെ നേതൃത്വത്തിൽ എസ്.ഐ ഷറഫുദ്ദീൻ, സിവിൽ പോലീസ് ഓഫീസർമാരായ പ്രവീൺ, സി.വി രജീഷ്, സി.ബിജോ, ഇരിട്ടി ഡി വൈ എസ് പി ധനഞ്ജയൻ ബാബുവിൻ്റെ സ്പെഷ്യൽ സ്കോഡ്
അംഗങ്ങൾ ആയ എ.എം ഷിജോയ്, കെ.ജെ ജയദേവൻ എന്നിവർ ചേർന്നാണ് തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ നിന്ന് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലിസ് അറിയിച്ചു.