ചെറുപുഴ : പ്രാപ്പൊയിലിൽ മകളെ അതിക്രൂരമായി മർദിച്ച പിതാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. കാസർകോട് ജില്ലയിലെ ചിറ്റാരിക്കൽ സ്വദേശി ജോസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ജോസിനെതിരെ കേസെടുക്കാൻ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാൾ ഐപിഎസ് ചെറുപുഴ പൊലീസിന് നിർദേശം നൽകിയതിന് പിന്നാലെയാണ് നടപടി. അടിയന്തിരമായി കേസെടുക്കുമെന്ന് കണ്ണൂർ റൂറൽ പൊലീസ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു.
പിതാവ് മകളെ അതിക്രൂരമായി മർദ്ധിക്കുന്ന ദൃശ്യങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.മകളെ പിതാവ് ക്രൂരമായി മർദിക്കുകയും അരിവാളിന് വെട്ടാനോങ്ങുകയും ചെയ്യുന്ന വീഡിയോ ശ്രദ്ധയിൽപ്പെട്ടിട്ടും കേസെടുക്കാതിരുന്ന ചെറുപുഴ പൊലീസ് നടപടിക്കെതിരെ വിമർശനം ഉയർന്നിരുന്നു. കുട്ടിയുടെ വീട്ടിലേക്ക് അടിയന്തിരമായി എത്താൻ ചൈൽഡ് ലൈൻ പ്രവർത്തകരോട് ബാലാവകാശ കമ്മീഷൻ നിർദേശം നൽകി. സംഭവത്തിൽ ബാലാവകാശകമ്മീഷൻ ചെയർപേഴ്‌സൺ കെ വി മനോജ് പൊലീസിൽ നിന്നും റിപ്പോർട്ട് തേടിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ ചെറുപുഴയിൽ വാടക വീടെടുത്ത് താമസിച്ചുവരികയാണ് ജോസ്.അതേസമയം മാറിത്താമസിക്കുന്ന അമ്മയെ തിരികെ കൊണ്ടുവരാനുള്ള പ്രാങ്ക് വീഡിയോ ആണെന്നാണ് പിതാവിന്റെ വിശദീകരണം.
ഇത് വിശ്വസിച്ചായിരുന്നു പൊലീസ് കേസെടുക്കൽ നടപടി വൈകിച്ചത്. എന്നാൽ ഇതൊരു പ്രാങ്ക് വീഡിയോ അല്ലെന്ന് പൊലിസ് പിന്നീട് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു തല്ലരുതെന്ന് കുഞ്ഞ് ആവർത്തിച്ച് ആവശ്യപ്പെടുന്നത് വീഡിയോയിൽ കേൾക്കാം. സംഭവം വിവാദമായതിനെ തുടർന്നാണ് പൊലിസ് നടപടിയുമായി രംഗത്തുവന്നത്.