വീട്ടിൽ നിന്ന് ആശുപത്രിയിലെത്താം സൗജന്യമായി; കണ്ണൂരിൽ സൗജന്യ റെഡ് ആംബുലൻസ് സേവനം തുടങ്ങി കിംസ് ശ്രീചന്ദ്

08:43 PM May 27, 2025 | Desk Kerala

കണ്ണൂർ: കിംസ് ശ്രീചന്ദ് ആശുപത്രിയും ഇന്ത്യയിലെ മുൻനിര ആംബുലൻസ് സേവന ദാതാക്കളായ റെഡ് ഹെൽത്ത് കമ്പനിയുമായി ചേർന്ന് റെഡ് ആംബുലൻസ് സേവനം കണ്ണൂരിൽ സേവനം തുടങ്ങി. രോഗികളെ വീട്ടിൽ നിന്നു തന്നെ സൗജന്യമായി വിദഗ്ധ ചികിത്സ നൽകിക്കൊണ്ട് ആശുപത്രിയിൽ എത്തിക്കുന്ന സേവനത്തിന്റെ ഉദ്ഘാടനം മുന്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് നിർവഹിച്ചു. 

മേയർ മുസ്ലിഹ്‌ മഠത്തിൽ ആംബുലൻസ് ഫ്ലാഗോഫ് ചെയ്തു. എമർജൻസി മെഡിസിൻ എച്ച്.ഒ.ഡി ഡോ. അഭിരാം അർജുൻ കുമാർ അധ്യക്ഷനായി. റെഡ് ഹെൽത്ത് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ. തൗസിഫ് തങ്ങൾവടി, കിംസ് യൂണിറ്റ് ഹെഡ് ഡോ. ടി.പി ദിൽഷാദ്, ഡോ. പി. രവീന്ദ്രൻ, ഡോ. ടോം ജോസ് കാക്കനാട്ട് പങ്കെടുത്തു.

കേരളത്തിൽ ആദ്യമായാണ് റെഡ് ഹെൽത്തിന്റെ ആംബുലൻസ് എത്തുന്നത്. കോൾ ലഭിച്ച ഏഴ് മിനിറ്റിനകം ഡോക്ടർസഹിതം ആംബുലൻസ് സേവനം ലഭ്യമാക്കും. അത്യാധുനിക ഉപകരണങ്ങളോടും പരിശീലനം ലഭിച്ച മെഡിക്കൽ ടീമോടുമുള്ള ഈ ആംബുലൻസിൽ രോഗിയെ ആശുപത്രിയിലെത്തിക്കും മുമ്പുതന്നെ മികച്ച അടിയന്തര ചികിത്സ നൽകാൻ സാധിക്കും. 

ജെ.സി.ഐ അക്രഡിറ്റഡുള്ള കേരളത്തിലെ ആദ്യത്തെ ആംബുലൻസു കൂടിയാണിത്. ഹൃദയാഘാതം, ട്രോമ, റോഡ് അപകടങ്ങൾ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ഈ സേവനം രോഗികളുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുമെന്ന് കിംസ് ശ്രീചന്ദ് ക്ലസ്റ്റർ സി.ഇ.ഒ ഫർഹാൻ യാസീൻ പറഞ്ഞു. 24 മണിക്കൂറും ഈ സൗജന്യ സേവനം ലഭ്യമാകും.

ഇന്ത്യയിൽ പതിനായിരത്തിലധികം ആംബുലൻസുകൾക്ക് സേവനം നൽകുന്ന റെഡ് ഹെൽത്ത് കമ്പനിയുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. റോഡ്, റെയില്‍, എയര്‍ ഉള്‍പ്പെടെയുള്ള രംഗത്ത് ഏറ്റവും മികച്ച ആംബുലന്‍സ് സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് റെഡ് ഹെല്‍ത്ത്.