കണ്ണൂർ :കോട്ടയത്ത് നടന്ന കുടുംബശ്രീ സംസ്ഥാന അരങ്ങ് സർഗോത്സവത്തിൽ 217 പോയിന്റോടെ കണ്ണൂർ ജില്ല ഓവറോൾ ചാമ്പ്യന്മാരായി. ഇതാദ്യമായാണ് കുടുംബശ്രീ സർഗോത്സവത്തിൽ കണ്ണൂർ ചാമ്പ്യൻമാരാകുന്നത്. കാസർഗോടും തൃശ്ശൂരും രണ്ടും മൂന്നും സ്ഥാനം നേടി.
ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 95 ഇനങ്ങളിലാണ് മത്സരം നടന്നത്.
ഇതിൽ സംഘനൃത്തം, ഒപ്പന, തിരുവാതിര, മാർഗംകളി, സംഘഗാനം, സ്കിറ്റ്, മൈം, മാപ്പിളപ്പാട്ട് തുടങ്ങി 51 ഇനങ്ങളിൽ കണ്ണൂർ ഒന്നാമതെത്തി. 2000 ലധികം കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്ത സർഗോത്സവത്തിൽ 184 പേരാണ് കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. സമാപന സമ്മേളനം ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ട്രോഫി എംപി വിതരണം ചെയ്തു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത ചടങ്ങിൽ അധ്യക്ഷയായിരുന്നു.